ചേപ്പിലക്ക് പിന്നാലെ പുൽപള്ളി 56ലും കടുവ
text_fieldsകടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച പുൽപള്ളി 56ൽ വനപാലകരെത്തി പരിശോധന നടത്തുന്നു
പുൽപള്ളി: ചേപ്പിലയിലെ കടുവ ഭീതിക്ക് പിന്നാലെ പുൽപള്ളി 56 പ്രദേശത്തും കടുവയുടെ സാന്നിധ്യം. കഴിഞ്ഞ ദിവസം രാത്രി പുൽപള്ളി 56ൽ ഇറങ്ങിയ കടുവയുടെ കാൽപാടുകൾ ബുധനാഴ്ച രാവിലെ വനപാലകരെത്തി പരിശോധിച്ചു. പ്രദേശത്തെ നിരവധി കൃഷിയിടങ്ങളിലൂടെ കടുവ നടന്നതായി വ്യക്തമായി. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
കഴിഞ്ഞ ദിവസം ചേപ്പിലയിൽ കടുവ പശുക്കിടാവിനെ കൊന്നിരുന്നു. ഈ കടുവ തന്നെയാണ് പുൽപള്ളി 56 പ്രദേശത്തെത്തിയതെന്നാണ് സംശയിക്കുന്നത്. കടുവയെ പിടികൂടുന്നതിന് ചേപ്പിലയിൽ കൂട് സ്ഥാപിച്ചിട്ടുണ്ട്.കഴിഞ്ഞ ഏതാനും മാസങ്ങളായി പുൽപള്ളി പഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെട്ട ഏരിയ പള്ളി, ചേപ്പില പ്രദേശങ്ങൾ കടുവ ഭീതിയിലാണ്.
പുൽപള്ളി 56ൽ പതിഞ്ഞ കടുവയുടെ കാൽപാടുകളിലൊന്ന്
ടൗണിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളാണ് ഇവ. ജനവാസ മേഖലയാണിത്. ക്ഷീര കർഷകരടക്കമാണ് ഇപ്പോൾ ഭീതിയിലായിരിക്കുന്നത്. രാവിലെ പാൽ കൊണ്ടുപോകാൻ പോലും കർഷകർ ഭയക്കുന്നു. തോട്ടങ്ങളിൽ കൃഷിപ്പണിക്കും പോകാൻ പറ്റാത്ത അവസ്ഥയാണ്.
കന്നുകാലികളെ തൊഴുത്തിൽ തന്നെ കെട്ടിയിടേണ്ട അവസ്ഥയുമാണുള്ളത്. കഴിഞ്ഞയാഴ്ച 56നോട് ചേർന്ന ആടിക്കൊല്ലിയിലും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. അടുത്തടുത്തുള്ള പ്രദേശങ്ങളിലായി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ രാത്രിയിലും പകലും പുറത്തിറങ്ങാൻ പോലും ആളുകൾ ഭയപ്പെടുകയാണ്.