വനത്തിലേക്ക് വലിച്ചിഴച്ച് കടുവ; ഒടുവിൽ ചേതനയറ്റ് മാരൻ
text_fieldsകടുവ കൊലപ്പെടുത്തിയ പുൽപള്ളി കാപ്പിസെറ്റ് ദേവർഗദ്ദ
ഉന്നതിയിലെ മാരന്റെ മൃതദേഹം വനംവകുപ്പിന്റെ വാഹനത്തിൽ വണ്ടിക്കടവ് വനംവകുപ്പ് ഓഫിസിന് മുന്നിലെത്തിക്കുന്നു
പുൽപള്ളി: വിറക് ശേഖരിക്കാൻ വനത്തിൽ പോയ ആദിവാസി വയോധികനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടലിൽ വയനാട്. 2025 ജനുവരി 24ന് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ തറാട്ട് മീൻമുട്ടി അച്ചപ്പന്‍റെ ഭാര്യ രാധ (46) യെ കടുവ കൊന്ന് ശരീരം ഭക്ഷിച്ചിരുന്നു. ഇതിനുശേഷമുള്ള കടുവ ആക്രമണം മൂലമുള്ള മരണമാണ് ശനിയാഴ്ച പുൽപള്ളിയിലുണ്ടായത്. കാപ്പിസെറ്റ് ദേവർഗദ്ദ ഉന്നതിയിലെ മാരനെയാണ് (കൂമൻ -65 ) വനാതിർത്തിയിൽ വിറക് ശേഖരിക്കുന്നതിനിടെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്.
ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ സഹോദരി കുള്ളിക്കൊപ്പം വിറക് ശേഖരിക്കാൻ പോയ മാരനെ പുഴയോരത്തുനിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു. കടുവ മാരന്റെ മുഖം കടിച്ചെടുത്തിരുന്നു. സംഭവത്തിൽ വൻപ്രതിഷേധമാണ് ഉണ്ടായത്. സ്ഥിരമായുണ്ടാകുന്ന വന്യമൃഗശല്യത്തിൽനിന്ന് നാട്ടുകാരെ രക്ഷിക്കണമെന്ന മുറവിളിക്ക് പഴക്കം ഏറെയുണ്ടെങ്കിലും ശാശ്വതപരിഹാരം മാത്രമുണ്ടാകുന്നില്ല.
സ്ഥലത്തുനിന്ന് മൃതദേഹം നീക്കുന്നത് നാട്ടുകാരും ബന്ധുക്കളും തടഞ്ഞു. കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ബന്ധുക്കളുടെയും ഉന്നതിക്കാരുടെയും പ്രതിഷേധം. പിന്നീട് ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പിലാണ് മൃതദേഹം നീക്കാനായത്.
വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, ബത്തേരി തഹസിൽദാർ പ്രശാന്ത്, ഡപ്യൂട്ടി തഹസിൽദാർ പ്രകാശ്, എ.സി.എഫ്.എം ജോഷിൽ, പൊതുപ്രവർത്തകരായ എം.എസ്. സുരേഷ് ബാബു, ബൈജു നമ്പിക്കൊല്ലി, കെ.ഡി. ഷാജിദാസ്, മനു പ്രസാദ്, ടി.എസ്. ദിലീപ് കുമാർ, മണി പാമ്പനാൽ, ബിന്ദു പ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഞായറാഴ്ച രാവിലെ ഉന്നതിയിലെത്തിക്കും.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയപ്പോൾ ആംബുലൻസിൽ കുടുംബാംഗങ്ങളെയാരും കൊണ്ടുപോയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് വനപാലകർ തീരുമാനമെടുത്തതെന്നാണ് ഇവരുടെ പരാതി. 20 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ 10 ലക്ഷം രൂപ നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ബാക്കി പത്ത് ലക്ഷം രൂപ നൽകാൻ സർക്കാറിൽ ശിപാർശ ചെയ്യുമെന്നുമാണ് വനപാലകർ പറഞ്ഞത്. എന്നാൽ, തുക പൂർണമായും ലഭിച്ചില്ലെങ്കിൽ പോസ്റ്റുമോർട്ടശേഷം മൃതദേഹം ഉന്നതിയിലെത്തിക്കുമ്പോൾ ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ഇവർ.
ഈ വർഷം കടുവ കൊന്നത് രണ്ടുപേരെ
- 10 വർഷം, വയനാട്ടിൽ കടുവ കൊന്നത് ഒമ്പതുപേരെ
- 2015 ഫെബ്രുവരി 10: നൂൽപ്പുഴ മൂക്കുത്തികുന്നിൻ ഭാസ്കരൻ കൊല്ലപ്പെട്ടു
- 2015 ജൂലൈ: കുറിച്യാട് സ്വദേശി ബാബുരാജിനെ കടുവ കൊ ന്നു
- 2015 നവംബർ: തോൽപ്പെട്ടി റേഞ്ചിലെ വാച്ചറായിരുന്ന കക്കേരി ഉന്നതിയിലെ ബസവൻ കൊല്ലപ്പെട്ടു
- 2019 ഡിസംബർ 24: സുൽത്താൻ ബത്തേരി പച്ചാടി കാട്ടുനായ്ക്ക ഉന്നതിയിലെ ജഡയനെ കടുവ കൊന്നു
- 2020 ജൂൺ 16: ബസവൻ കൊല്ലി കാട്ടുനായ്ക്ക ഉന്നതിയിലെ ശിവകുമാർ കൊല്ലപ്പെട്ടു
- 2023 ജനുവരി 12: പുതുശ്ശേരി പള്ളിപ്പുറത്ത് തോമസിന് ജീവൻ നഷ്ടമായി
- 2023 ഡിസംബർ 9: പുല്ലരിയാൻ പോയ വാകേരി കൂടല്ലൂർ സ്വദേശി പ്രജീഷിനെ കടുവ കൊന്നു
- 2025 ജനുവരി 24: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ രാധയെ കടുവ കൊന്നു. മൃതദേഹത്തിന്റെ ഭാഗങ്ങൾ കടുവ ഭക്ഷിച്ചു
- 2025 ഡിസംബർ 20: വനാതിർത്തിയിൽ വിറക് ശേഖരിക്കുന്നതിനിടെ പുൽപള്ളി കാപ്പിസെറ്റ് ദേവർഗദ്ദ ഉന്നതിയിലെ മാരനെ (കൂമൻ -65 ) കടുവ കൊലപ്പെടുത്തിയതാണ് ഒടുവിലത്തെ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

