ഇതാ, നാട്ടിലെ ഏറ്റവും വലിയ വീട്ടിമരം
text_fieldsപുൽപള്ളി കുറിച്ചിപ്പറ്റ ആക്കാമറ്റത്തിൽ സുനിലിന്റെ കൃഷിയിടത്തിലുള്ള ഭീമൻ വീട്ടിമരം
പുൽപള്ളി: നാട്ടിലെ ഏറ്റവും വലിയ വീട്ടിമരം പുൽപള്ളിയിൽ. പുൽപള്ളി കുറിച്ചിപ്പറ്റ ആക്കാമറ്റത്തിൽ സുനിലിന്റെ കൃഷിയിടത്തിലാണ് ഭീമൻ വീട്ടിമരം നിലകൊള്ളുന്നത്. 25 അടിയോളം വണ്ണവും 50 മീറ്ററിലേറെ ഉയരവും ഈ മരത്തിനുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള വീട്ടിമരമാണിത്.
ആറോ ഏഴോ ആളുകൾ കൈകോർത്തുനിന്നാലും മരത്തെ ചുറ്റിപ്പിടിക്കാനാകില്ല. വനം വകുപ്പ് ഉദ്യോഗസ്ഥർ ഈ മരം ഇടക്ക് വന്ന് അളവെടുത്ത് പോകാറുണ്ട്. ഇത്രയും വലുപ്പമുള്ള മറ്റൊരു വീട്ടി മരം മറ്റെവിടെയും കണ്ടിട്ടില്ലെന്നാണ് അധികൃതരും പറയുന്നത്.
മരക്കച്ചവടക്കാരടക്കം പറയുന്നത്, കേരളത്തിലെതന്നെ ഏറ്റവും വലിയ വീട്ടിമരം ഇതായിരിക്കുമെന്നാണ്. ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് മരത്തിന്റെ നിൽപ്. ഭീമൻ മരം കാണാൻ ഒട്ടേറെ ആളുകൾ ഇവിടെ എത്താറുണ്ട്. കാണുന്നവർക്കെല്ലാം കൗതുകക്കാഴ്ചയാണ് മരം.

