കർണാടക നിലപാട് മാറ്റിയില്ല; കബനിക്കരയിലെ കുട്ടികൾക്ക് വിദ്യാലയങ്ങളിലെത്താനായില്ല
text_fieldsകബനി നദിയുടെ കർണാടക ഭാഗത്ത് എത്തിയ വിദ്യാർഥികളും രക്ഷിതാക്കളും
പുൽപള്ളി: കർണാടക അതിർത്തിഗ്രാമങ്ങളിൽനിന്ന് വയനാട്ടിലെ സ്കൂൾ, കോളജ് എന്നിവിടങ്ങളിലെത്തി പഠിക്കുന്ന വിദ്യാർഥികൾക്ക് തിങ്കളാഴ്ച വിദ്യാലയങ്ങളിലെത്താനായില്ല. പ്രവേശനദിനത്തിൽ സ്കൂളിലേക്ക് വരാൻ പുത്തനുടുപ്പും ബാഗുമെല്ലാമായി കുട്ടികൾ ബൈരക്കുപ്പക്കടവിൽ തോണിക്ക് പോകാനായി എത്തിയെങ്കിലും കടത്തിവിടാൻ പൊലീസ് അനുവദിച്ചില്ല. കോവിഡിനെ തുടർന്ന് കർണാടകയിലേക്കുള്ള പ്രവേശനത്തിന് സംസ്ഥാന പാതകൾ വഴി മാത്രമേ അനുവാദമുള്ളൂ. ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്. ഈ സാഹചര്യത്തിൽ കബനി നദി കുറുകെ കടക്കാൻ അനുമതി നിഷേധിക്കുകയായിരുന്നു.
തോണി സർവിസ് പ്രതീക്ഷിച്ച് കുട്ടികൾ രക്ഷിതാക്കളോടൊപ്പം ബൈരക്കുപ്പ കടവിൽ എത്തിയിരുന്നു. നിരീക്ഷണത്തിന് കർണാടക പൊലീസും ഇവിടെ നിലയുറപ്പിച്ചിരുന്നു. തോണി കയറി വന്നാൽ മാത്രമേ വിദ്യാർഥികൾക്ക് വിദ്യാലയങ്ങളിലെത്താൻ സാധിക്കൂ. ബൈരക്കുപ്പ, ഹൊസള്ളി ഭാഗങ്ങളിൽനിന്നായി 100ഓളം വിദ്യാർഥികൾ വയനാട്ടിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തി പഠിക്കുന്നുണ്ട്. വിദ്യാലയങ്ങൾ തുറന്നതോടെ കർണാടക നിലപാട് മാറ്റിയില്ലെങ്കിൽ നിരവധി വിദ്യാർഥികളുടെ പഠനം മുടങ്ങും. കഴിഞ്ഞ ദിവസം വയനാട് ജില്ല കലക്ടർ കുട്ടികളെ വിദ്യാലയങ്ങളിലെത്തിക്കാൻ നടപടി എടുക്കണമെന്ന് മൈസൂരു ഡെപ്യൂട്ടി കമീഷണറോട് ആവശ്യപ്പെട്ടിരുന്നു.