വൈക്കോൽ വില ഇടിയുന്നു; നെൽകർഷകർക്ക് തിരിച്ചടി
text_fieldsമരക്കടവിൽ പാടത്ത് കെട്ടിക്കിടക്കുന്ന വൈക്കോൽ
പുൽപള്ളി: വയനാട്ടിൽ വൈക്കോൽ വില ഇടിയുന്നത് കർഷകർക്ക് തിരിച്ചടിയാകുന്നു. ഒരു മുടി വൈക്കോലിന് കഴിഞ്ഞവർഷം 60 രൂപ വരെ വില ലഭിച്ചെങ്കിൽ ഇപ്പോൾ 50 രൂപയിലേക്ക് താഴ്ന്നിരിക്കുകയാണ്. കൊയ്ത്ത് കഴിഞ്ഞ ഉടൻ വൈക്കോലിന് ആവശ്യക്കാർ ഏറെയുണ്ടായിരുന്നു. ആ സമയത്ത് വില 60 രൂപ വരെ ലഭിച്ചിരുന്നു.
ഇപ്പോൾ മിക്ക പാടശേഖരങ്ങളിലും വൈക്കോൽ വിൽക്കാൻ കഴിയാതെ കെട്ടിക്കിടക്കുകയാണ്. ക്ഷീരസംഘങ്ങൾ വഴി വൈക്കോൽ കർഷകർക്ക് നല്കുന്നുണ്ട്. ഇതോടെയാണ് വൈക്കോൽ വില കുറയാൻ തുടങ്ങിയത്. നെല്ലിനൊപ്പം വൈക്കോൽ വിലകൂടി കിട്ടിയാൽ മാത്രമേ പിടിച്ചുനിൽക്കാൻ പറ്റുകയുള്ളൂവെന്ന് നെൽകർഷകർ പറയുന്നു. പലരും കിട്ടിയ വിലക്ക് കെട്ടിക്കിടക്കുന്ന വൈക്കോൽ വിറ്റൊഴിവാക്കുകയാണ്. കർഷകരെ സഹായിക്കാൻ പദ്ധതികൾ ആവിഷ്കരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.