രാഹുൽ ഗാന്ധി ഉറപ്പ് പാലിച്ചു; പോളിന്റെ കുടുംബത്തിന് വീട് പൂർത്തിയായി
text_fieldsപുല്പള്ളി: കാട്ടാനക്കലിയില്‍ ജീവന് നഷ്ടമായ പാക്കം കുറുവാദ്വീപിലെ ഇക്കോടൂറിസം കേന്ദ്രത്തിലെ വനസംരക്ഷണ സമിതി താൽക്കാലിക ജീവനക്കാരനായിരുന്ന പാക്കം തിരുമുഖത്ത് തേക്കിന്‍കൂപ്പില്‍ വെള്ളച്ചാലില്‍ പോളിന്റെ കുടുംബത്തിന്റെ സ്വപ്നം സഫലമായി.
പോളിന്റെ കുടുംബത്തിന്റെ സുപ്രധാന ആവശ്യങ്ങളിലൊന്നായ വീടിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. പോളിന്റെ മരണശേഷം രാഹുൽ ഗാന്ധി എം.പി വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട സമയത്തായിരുന്നു പണിതീരാത്ത വീടിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുകയെന്ന പോളിന്റെ ഭാര്യ സാലിയുടെയും മകള്‍ സോനയുടെയും പ്രധാന ആവശ്യം മനസ്സിലാക്കുന്നത്.
ഉടന്‍ തന്നെ രാഹുൽ ഗാന്ധി മണ്ഡലത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'കൈത്താങ്ങ്' പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടിന്റെ പൂര്‍ത്തീകരണം എത്രയും വേഗത്തില്‍ നടത്തണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയാണ് പ്രവൃത്തികൾക്ക് നേതൃത്വം നല്‍കിയത്.

