പുൽപള്ളി ബാങ്ക് വായ്പ തട്ടിപ്പ് ; 10 പ്രതികൾക്ക് വിജിലൻസ് കോടതിയിൽ ഹാജരാവാൻ നോട്ടീസ്
text_fieldsപുൽപള്ളി: പുൽപള്ളി സർവിസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പുകേസിൽ പ്രതികളായ 10 പേർക്ക് തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാവാൻ നോട്ടീസ്. ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ. അബ്രഹാം, വൈസ് പ്രസിഡന്റ് ടോമി തേക്കുംമല, മുൻ ബാങ്ക് ഡയറക്ടർമാരായിരുന്ന വി.എം. പൗലോസ്, മണി പാമ്പനാൽ, സി.വി. വേലായുധൻ, ബിന്ദു ചന്ദ്രൻ, സുജാത ദിലീപ്, മുൻ ബാങ്ക് സെക്രട്ടറി രമാദേവി, ലോൺ സെക്ഷൻ മേധാവി പി.യു. തോമസ്, തട്ടിപ്പിലെ മുഖ്യ സൂത്രധാരൻ സജീവൻ കൊല്ലപ്പള്ളി എന്നിവർക്കാണ് ഈ മാസം 14ന് ഹാജരാവാൻ നോട്ടീസ് നൽകിയത്.
ബാങ്ക് വായ്പ തട്ടിപ്പിൽ കുരുങ്ങി രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്ത കേസിൽ പ്രേരണ കുറ്റത്തിന്റെ പേരിലും കേളക്കവല സ്വദേശിയായ ഡാനിയേലിന്റെ പരാതിയെ തുടർന്നും നടത്തിയ അന്വേഷണത്തിൽ റിമാൻഡിലായി കെ.കെ. അബ്രഹാം, രമാദേവി, വി.എം. പൗലോസ്, സജീവൻ കൊല്ലപ്പള്ളി എന്നിവർ മാനന്തവാടി ജയിലിൽ കഴിയുകയാണ്. സമാന കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. രണ്ടുവർഷം മുമ്പാണ് ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലൻസ് കേസ് എടുത്തത്. സഹകരണ വകുപ്പിന്റെ ഓഡിറ്റിൽ 10 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇവർക്ക് സർ ചാർജ് ചുമത്തിയിരുന്നു. 2019ൽ കേസ് എടുത്തെങ്കിലും രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്തതിനുശേഷമാണ് വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. മണി പാമ്പനാൽ, സി.വി. വേലായുധൻ, ബിന്ദു ചന്ദ്രൻ, സുജാത ദിലീപ് എന്നിവർക്ക് കോഴിക്കോട് ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നോട്ടീസ് നൽകിയിട്ടുണ്ട്.