പുല്പള്ളി ബാങ്ക് വായ്പ തട്ടിപ്പ്; ഇ.ഡി പരിശോധിച്ചത് സ്വത്ത് വിവരം
text_fieldsഇ.ഡി റെയ്ഡ് നടത്തിയ കെ.കെ. അബ്രഹാമിന്റെ പുൽപള്ളി
ചുണ്ടക്കൊല്ലിയിലെ വീട്
പുല്പള്ളി: സര്‍വിസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍ പരിശോധിച്ചത് പ്രധാനമായും സ്വത്ത് വിവരങ്ങളുമായി ബന്ധപ്പെട്ട രേഖകൾ. വായ്പ തട്ടിപ്പില്‍ ആരോപണ വിധേയരായ പ്രമുഖരുടെ സ്വത്ത് വിവരമാണ് ഇ.ഡി പരിശോധിച്ചത്.
ബാങ്ക് മുന്‍ പ്രസിഡന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ.കെ. അബ്രഹാമിന്റെ ചുണ്ടക്കൊല്ലിയിലെ വീട്, ബാങ്ക് മുന്‍ സെക്രട്ടറി കെ.ടി. രമാദേവിയുടെ മീനങ്ങാടിയിലെ വീട്, ബാങ്കില്‍ വായ്പ വിഭാഗം മേധാവിയായിരുന്ന പി.യു. തോമസിന്റെ കോഴിക്കോട് ജില്ലയിലെ വീട്, വായ്പ തട്ടിപ്പ് ആസൂത്രകനെന്ന് ആരോപിക്കപ്പെടുന്ന കരാറുകാരന് സജീവന് കൊല്ലപ്പള്ളിയുടെ കേളക്കവലയിലെ വീട് എന്നിവിടങ്ങളിലും ബാങ്കിലുമായിരുന്നു പരിശോധന.
പുൽപള്ളി സർവിസ് സഹകരണ ബാങ്കിൽനിന്ന് ശനിയാഴ്ച പുലർച്ചെ പരിശോധനക്കുശേഷം പുറത്തേക്കു വരുന്ന ഉദ്യോഗസ്ഥൻ
വായ്പ തിരിമറിയുമായി ബന്ധപ്പെട്ട് പണം എങ്ങനെയാണ് മറ്റുള്ളവരുടെ അക്കൗണ്ടിലേക്ക് എത്തിയതെന്നും ബാങ്കിൽ സജീവൻ കൊല്ലപ്പള്ളിയുടെ ഇടപ്പെടൽ എന്തായിരുന്നുവെന്നും ജീവനക്കാരോട് ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞു. 36 വായ്പകളുടെയും രേഖകളുടെ പരിശോധനക്കായി കൊണ്ടുപോയിട്ടുണ്ട്.
കൊച്ചി, കോഴിക്കോട് യൂനിറ്റുകളിലെ ഉദ്യോഗസ്ഥരാണ് പരിശോധനക്കെത്തിയത്. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച പരിശോധന അവസാനിച്ചത് പുലർച്ചെ രണ്ടോടെയാണ്. ആധാരങ്ങള്‍, ബാങ്ക് ഇടപാട് രേഖകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍ തുടങ്ങിയവ പരിശോധിച്ചു. ബാങ്ക് മുൻ സെക്രട്ടറിയുടെ വീട്ടില്‍ കൊച്ചി യൂനിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.ജി. കവിത്കറുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് പരിശോധന നടത്തിയത്.
ഇതില്‍ രണ്ടു പേര് ബാങ്ക് ഉദ്യോഗസ്ഥരാണ്. സെക്രട്ടറിയുടെ ഭര്‍ത്താവാണ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. വായ്പ ഇടപാടുമായി ബന്ധപ്പെട്ട് പുല്പള്ളിയിലെ ഡാനിയേല്‍-സാറാക്കുട്ടി ദമ്പതികളുടെ പരാതിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ ഇവർ റിമാന്‍ഡിലാണ്. വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ ഇ.ഡി രണ്ടുമാസം മുമ്പ് ബന്ധപ്പെട്ടവര്‍ക്കു നോട്ടീസ് നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

