പൊടിയിൽമുങ്ങി പുൽപള്ളി; ഗതാഗതക്കുരുക്കും
text_fieldsറോഡ് നവീകരണ പ്രവൃത്തിയെത്തുടർന്ന് പുൽപള്ളി ടൗണിലെ ഗതാഗതക്കുരുക്ക്
പുൽപള്ളി: പുൽപള്ളി ടൗണിൽ പൊടി അഭിഷേകം. ടൗണിലെ റോഡു പണി തുടങ്ങിയിട്ട് ഒരു മാസത്തോളമായി. അന്നുമുതൽ മൂക്കും വായും പൊത്താതെ ടൗണിലൂടെ ഇറങ്ങിനടക്കാൻ പറ്റാത്ത അവസ്ഥയാണ്. വ്യാപാരികളും കാൽനടക്കാരുമാണ് ഏറെ പ്രയാസപ്പെടുന്നത്. പയ്യമ്പള്ളി മുതൽ കാപ്പിസെറ്റ് വരെയുള്ള റോഡു പണിയുടെ അവസാനഘട്ട പ്രവൃത്തിയാണ് ടൗണിൽ നടക്കുന്നത്. ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയാണ് പണി നടത്തുന്നത്.
പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. കച്ചവടസ്ഥാപനങ്ങളിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ്. റോഡു പണി ഒരാഴ്ചക്കകം തീർക്കുമെന്നാണ് അധികൃതർ പറയുന്നത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടിമൂലം ഏറെ ബുദ്ധിമുട്ടുകയാണ്. ഇതിന് പരിഹാരമായി റോഡുപണി കഴിയുന്നതുവരെ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

