കോഴി ഫാം ഭീഷണിയെന്ന്; തെങ്ങിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി
text_fieldsമോഹനൻ തെങ്ങിൻ മുകളിൽ
പുൽപ്പള്ളി: പെരിക്കല്ലൂരിൽ കോഴി ഫാം നിർത്തലാക്കണമെന്നാവശ്യപ്പെട്ട് തെങ്ങിൻ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. പെരിക്കല്ലൂർ ചന്ദ്രപുരക്കൽ മോഹനനാണ് ആത്മഹത്യ ഭീഷണിയുമായി തെങ്ങിൽ കയറിയത്. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് സംഭവം. വീടിന് സമീപത്തെ കോഴിഫാമിന് പത്ത് ദിവസത്തേക്ക് സ്റ്റോപ് മെമ്മോ നൽകിയതോടെ ഉച്ചക്ക് 2.30 ഓടെയാണ് പ്രതിഷേധത്തിന് പര്യവസാനമായത്.
സംഭവത്തിൽ കേസെടുക്കില്ലെന്ന് പൊലീസും അറിയിച്ചതോടെയാണ് ഇയാൾ താഴെ ഇറങ്ങിയത്. പുൽപള്ളി ഇൻസ്പെക്ടർ സാജൻ, അഗ്നിരക്ഷ സേന ഉദ്യോഗസ്ഥൻ നിഥീഷ് കുമാർ, മുളളൻകൊല്ലി ഗ്രാമപഞ്ചായത്ത് അധികൃതർ എന്നിവരുടെ ഇടപെടലിനെത്തുടർന്നാണ് മോഹനൻ തെങ്ങിൽ നിന്നും താഴെയിറങ്ങിയത്. ഫാം ആരംഭിക്കുന്ന സമയത്ത് തനിക്കും കുടുംബാംഗങ്ങൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ഇദ്ദേഹം പരാതി നൽകിയിരുന്നു.ഇതുസംബന്ധിച്ച് വിവിധ വകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും എടുത്തില്ലെന്നും മോഹനൻ പറഞ്ഞു.