മുസ്തഫയുടെ ഹോട്ടലിൽ എല്ലാവർക്കും ഒരു 'വിലയല്ല'
text_fieldsമുസ്തഫ ഹോട്ടലിൽ
പുൽപള്ളി: തെരുവിൽ അലഞ്ഞുനടക്കുന്നവർക്കും നിർധന രോഗികൾക്കുമെല്ലാം സൗജന്യമായി ഭക്ഷണം നൽകി പുൽപള്ളിയിലെ ഹോട്ടലുടമ മുസ്തഫ. ആരോരുമില്ലാത്തവർക്ക് ഒരുനേരത്തെ ഭക്ഷണം ലഭിക്കാൻ ബുദ്ധിമുട്ടുന്ന ഈ ലോക്ഡൗൺ കാലത്ത് മുസ്തഫയുടെ സേവനം ഏറെ മാതൃകാപരമാണ്.
10 വർഷത്തോളമായി പുൽപള്ളി ഗവ. ആശുപത്രിക്ക് മുന്നിൽ ഹോട്ടൽ നടത്തുകയാണ് മുസ്തഫ. കഴിഞ്ഞ ലോക്ഡൗൺ കാലത്തും പാവപ്പെട്ടവർക്ക് താങ്ങും തണലുമായിരുന്നു. പൊലീസ് സ്റ്റേഷനിലേക്കടക്കം ചായയും മറ്റും കൃത്യമായി എത്തിച്ചുകൊടുത്തിരുന്നു. നല്ല മനസ്സിന് ജില്ല പൊലീസ് മേധാവി അനുമോദന പത്രം നൽകിയിരുന്നു.
പാവപ്പെട്ടവരുടെ ദുരിതം എന്താണെന്ന് അറിയാവുന്നതുകൊണ്ടാണ് ഇത്തരം പ്രവർത്തനങ്ങളിൽ സജീവമാകുന്നതെന്ന് മുസ്തഫ പറയുന്നു. ലോക്ഡൗൺ തുടങ്ങിയതുമുതൽ ആശുപത്രിയിൽ എത്തുന്ന നിർധന രോഗികൾക്കും മറ്റും സൗജന്യമായി ഭക്ഷണം നൽകുന്നുണ്ട്.