വിളവെടുപ്പ് സീസൺ തുടങ്ങി; കാർഷിക മേഖലയിൽ തൊഴിലാളി ക്ഷാമം രൂക്ഷം
text_fieldsപുൽപള്ളി: കാർഷിക മേഖലയിൽ വിളവെടുപ്പ് സീസൺ ആരംഭിച്ചിരിക്കെ തൊഴിലാളി ക്ഷാമം രൂക്ഷം. കാപ്പിയും കുരുമുളകുമെല്ലാം പറിക്കുന്നതിന് ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പല തോട്ടം ഉടമകളും. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തൊഴിലുറപ്പ് പദ്ധതി നിർത്തി വെച്ചാൽ തൊഴിലാളി ക്ഷാമം ഉണ്ടാകില്ലെന്നാണ് കർഷകർ പറയുന്നുത്. വയനാട്ടിൽ ഡിസംബർ പകുതിയോടെ ആരംഭിക്കുന്ന വിളവെടുപ്പ് സീസൺ ഫെബ്രുവരി അവസാനം വരെ നീണ്ടുനിൽക്കും. ഈ സമയത്താണ് അടക്ക, കാപ്പി, കുരുമുളക് തുടങ്ങിയവയെല്ലാം വിളവെടുക്കുന്നത്.
നിലവിൽ ജില്ലയുടെ പല ഭാഗങ്ങളിലും ബംഗാൾ, കർണാടക, നീപ്പാൾ തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് വിളവെടുപ്പ്. പണി അറിയാവുന്നവർ ഇവർക്കിടയിലും കുറവാണ്. ഇക്കാരണത്താൽ പലയിടത്തും ഇപ്പോഴും കാപ്പി വിളവെടുപ്പ് പൂർത്തിയായിട്ടില്ല. തോട്ടങ്ങളിൽ കാപ്പി ചെടികളിൽ നിന്ന് കാപ്പി കുരു പഴുത്ത് പൊഴിഞ്ഞുപോകുന്ന അവസ്ഥയുമാണ്.
കുരുമുളക് പറിക്കനായിട്ടുണ്ടെങ്കിലും ഇതിനും തൊഴിലാളികളെ കിട്ടാനില്ല. ഈ സാഹചര്യത്തിലാണ് തൊഴിലുറപ്പ് പണികൾ വിളവെടുപ്പ് സീസണിൽ നിർത്തിവെച്ച് കർഷകരെ സഹായിക്കാൻ ആവശ്യമായ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് ചില കർഷക സംഘടനകൾ അടക്കം അധികൃതർക്ക് നിവേദനങ്ങൾ നൽകിയിട്ടുണ്ട്. കർഷകരെ സഹായിക്കാൻ ആവശ്യമായ നടപടി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

