കടുവ കൊന്ന മാരന്റെ കുടുംബത്തിന് സഹായം അകലെ
text_fieldsകടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട പുൽപള്ളി ദേവർഗദ്ദ ഉന്നതിയിലെ മാരന്റെ വീട്
പുൽപള്ളി: കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട പുൽപള്ളി ദേവർഗദ്ദ ഉന്നതിയിലെ മാരന്റെ കുടുംബത്തിന് പ്രഖ്യാപിച്ച സഹായം ഇനിയും കിട്ടിയില്ല. ഉന്നതിയിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുമെന്ന് പറഞ്ഞ് പട്ടിക വർഗ ക്ഷേമ മന്ത്രിയടക്കമുള്ളവർ പ്രഖ്യാപിച്ച പദ്ധതികളും നടപ്പാക്കിയില്ല.
കഴിഞ്ഞ ഡിസംബറിലാണ് വനത്തിൽ വിറക് ശേഖരിക്കുന്നതിനിടെ മാരനെ കടുവ കൊലപ്പെടുത്തിയത്. സംഭവത്തെത്തുടർന്ന് ശക്തമായ പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ഇതേത്തുടർന്ന് മന്ത്രി ഒ.ആർ. കേളു, കലക്ടർ ഡി.ആർ. മേഘശ്രീ തുടങ്ങിയവർ ഉന്നതി സന്ദർശിച്ചിരുന്നു. ഗ്യാസ് കണക്ഷൻ ഇല്ലാത്ത കുടുംബങ്ങൾക്ക് ഗ്യാസ് നൽകുമെന്ന് മന്ത്രി അടക്കമുള്ളവർ ഉറപ്പും നൽകിയിരുന്നു. വനമേഖലയിൽ വന്യജീവിശല്യം രൂക്ഷമായതിനാൽ വിറക് ശേഖരിക്കാനും മറ്റും പോകാൻ പറ്റാത്ത സ്ഥിതിയാണ്.
ഈയൊരു സാഹചര്യത്തിലാണ് സൗജന്യ ഗ്യാസ് കണക്ഷൻ പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞിരുന്നത്. ഇതോടൊപ്പം മാരന്റെ കുടുംബത്തിലെ ഒരംഗത്തിന് താൽക്കാലിക ജോലിയും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഇക്കാര്യത്തിലും പരിഹാരം ഉണ്ടായിട്ടില്ലെന്ന് ഇവിടെയുള്ളവർ പറയുന്നു. ഭൂരഹിതരായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന കാര്യത്തിലും നടപടികളില്ല.
സ്ഥലം കണ്ടെത്തി വീട് നിർമിച്ചു നൽകുമെന്നുമായിരുന്നു ഉറപ്പ്. എന്നാൽ, ഇക്കാര്യങ്ങളിലൊന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ഉന്നതിക്കാരും മാരന്റെ കുടുംബക്കാരും പറയുന്നത്. വിദ്യാഭ്യാസപരമായി മുന്നാക്കം നിൽക്കുന്ന യുവതീ യുവാക്കളും ഉന്നതിയിലുണ്ട്. ഇവർക്ക് തൊഴിൽ നൽകുന്ന കാര്യത്തിലും നടപടികൾ ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

