നയനമനോഹരം ഗുണ്ടൽപേട്ടയിലെ സൂര്യകാന്തി-ചെണ്ടുമല്ലി പാടങ്ങൾ
text_fieldsഗുണ്ടൽപേട്ടയിലെ സൂര്യകാന്തി പൂപാടത്ത് ഫോട്ടോയെടുക്കുന്ന സന്ദർശകർ
പുൽപള്ളി: മഞ്ഞപ്പട്ടണിഞ്ഞ ഗുണ്ടൽപേട്ടയിലെ സൂര്യകാന്തി-ചെണ്ടുമല്ലി പാടങ്ങളുടെ സൗന്ദര്യം നുകരാൻ സന്ദർശക പ്രവാഹം. കോവിഡ് യാത്ര നിയന്ത്രണങ്ങളും മറ്റും മാറിയതോടെയാണ് എത്രകണ്ടാലും മതിവരാത്ത കാഴ്ചകൾ സമ്മാനിക്കുന്ന പൂപ്പാടങ്ങളിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തുന്നത്.
കഴിഞ്ഞ രണ്ട് വർഷത്തോളമായി കോവിഡിനെത്തുടർന്ന് പൂകൃഷി ഇവിടെ കുറവായിരുന്നു. ഇത്തവണ നൂറുകണക്കിന് ഏക്കർ സ്ഥലത്താണ് സൂര്യകാന്തിയും ചെണ്ടണ്ടുമല്ലിയുമെല്ലാം കൃഷി ചെയ്തിട്ടുള്ളത്. കേരളത്തിൽ മഴയാണെങ്കിലും ഗുണ്ടൽപേട്ട ഭാഗത്തേക്ക് മഴ തീരെയില്ല. സൂര്യകാന്തി ചെടികളാണ് നിറയെ പൂത്തുലഞ്ഞ് നിൽക്കുന്നത്.
എണ്ണ ആവശ്യങ്ങൾക്കായാണ് ഇവ ഏറെയും കൃഷി ചെയ്യുന്നത്. ചെണ്ടുമല്ലി പൂക്കൾ പെയിന്റ് കമ്പനികൾക്കുവേണ്ടിയും കയറ്റി പോകുന്നു. മൂന്ന് മാസം കൊണ്ട് മികച്ച വരുമാനം ഉണ്ടാക്കാൻ കഴിയുന്ന കൃഷിയായതിനാൽ ധാരാളം കർഷകർ ഈ രംഗത്തുണ്ട്. സുൽത്താൻ ബത്തേരി-മൈസൂരു ദേശീയപാതയിലെ പൂപ്പാടങ്ങൾ ഈ വഴി യാത്ര ചെയ്യുന്നവരുടെ മനസ് കുളിർപ്പിക്കാൻ പര്യാപ്തമാണ്.
ഇവിടത്തെ കാഴ്ചകൾ കാണാൻ മാത്രം ദൂരെദിക്കുകളിൽ നിന്നും ആളുകളെത്തുന്നു. പൂപ്പാടങ്ങളിൽ ഫോട്ടോ എടുക്കുന്നതിനും മറ്റും നിശ്ചിത പൈസയും ഇപ്പോൾ ഉടമകൾ ഈടാക്കുന്നുണ്ട്. അതും അവർക്ക് വരുമാനമായി മാറുന്നു.