സഹയാത്രികൻ വിട്ടുപോയതറിയാതെ കൂട്ടിരുന്ന് തെരുവുനായ്
text_fieldsവാഹനമിടിച്ച് ചത്ത നായ്ക്കരികെ
കാവലിരിക്കുന്ന നായ്
പുൽപള്ളി: സഹയാത്രികൻ വിട്ടുപോയതറിയാതെ രാവും പകലും കൂട്ടിരുന്ന് തെരുവുനായ്. മുള്ളൻകൊല്ലിയിലാണ് കരളലിയിക്കുന്ന ഈ കാഴ്ച. ഞായറാഴ്ച വൈകീട്ടോടെയാണ് തെരുവുനായ് മുള്ളൻകൊല്ലി സൊസൈറ്റി കവലക്കു സമീപം വാഹനമിടിച്ച് ചത്തത്. നായ് ചത്തതോടെ ഒട്ടേറെ നായ്ക്കൾ ഇവിടെ എത്തിയിരുന്നു.
നായെ വാഹനം ഇടിച്ചുവീഴ്ത്തുന്നത് ഒപ്പമുണ്ടായിരുന്ന നായ് കണ്ടിരുന്നു. ഇതോടെ ഈ വഴി വന്ന വാഹനങ്ങൾക്കുനേരെ കുരച്ചുചാടി. പിന്നീട് ചത്തുകിടന്ന നായ്ക്കൊപ്പം ഈ നായും കിടന്നു. നാട്ടുകാർ പലതവണ ഓടിച്ചുവിടാൻ നോക്കിയെങ്കിലും നടന്നില്ല. നിസ്സഹായനായി തലതാഴ്ത്തിയുള്ള നായുടെ ദയനീയ ദൃശ്യം ആളുകളെ നൊമ്പരപ്പെടുത്തി.
ഭക്ഷണം നൽകി നായെ മാറ്റാൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. നിരവധി പേരാണ് ഈ കാഴ്ച കാണാനെത്തിയത്. മുള്ളൻകൊല്ലി ടൗണിൽ നാട്ടുകാർ ടിപ്പു എന്ന് വിളിക്കുന്ന നായെ പിന്നീട് നീക്കിയ ശേഷമാണ് ചത്ത നായെ മറവുചെയ്തത്. മുള്ളൻകൊല്ലിയിലെ സാമൂഹിക പ്രവർത്തകനായ ആന്റണിയുടെ നേതൃത്വത്തിലാണ് ഒപ്പമുണ്ടായിരുന്ന നായെ ഇവിടെനിന്ന് മാറ്റിയത്.

