ദേവസ്വം ഭൂമിയിലെ പാട്ടക്കാർക്കെതിരെ വ്യാജ പരാതി; അധികൃതർക്കെതിരെ പ്രതിഷേധം
text_fieldsRepresentational Image
പുൽപള്ളി: പുൽപള്ളി ദേവസ്വം ഭൂമിയിലെ പാട്ടക്കാരായ കർഷകർക്ക് നിയമപരമായി അനുവദിച്ചു കിട്ടിയ പട്ടയ പ്രകാരം കൈവശം വെച്ച് പോരുന്ന ഭൂമികളുടെ പേരിൽ വ്യാജ പരാതി നൽകി ബുദ്ധിമുട്ടിക്കുന്ന പുൽപള്ളി ദേവസ്വം അധികൃതരുടെ നടപടിയിൽ സീതാ ലവകുശ ക്ഷേത്ര സംരക്ഷണ സമിതി പ്രതിഷേധിച്ചു. കർഷകരെ ദ്രോഹിക്കുന്ന നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രതികൂല സാഹചര്യങ്ങളോടും വന്യമൃഗങ്ങളോടും പടവെട്ടിയാണ് പുൽപള്ളിയെ ഇന്നത്തെ അവസ്ഥയിലാക്കിയത്. കുടിയേറ്റ കർഷകർക്ക് ദേവസ്വം ഭൂമി സർക്കാർ പതിച്ചുനൽകിയപ്പോൾ ദേവസ്വം ട്രസ്റ്റിമാരുടെ കുടുംബക്കാർക്കും ഏക്കർ കണക്കിന് ഭൂമി പതിച്ചുനൽകിയിട്ടുണ്ട്. അവ കൈമാറ്റം ചെയ്ത് അനധികൃത സമ്പാദ്യവും ഉണ്ടാക്കിയിട്ടുണ്ട്. കുടിയേറ്റ കർഷകർക്കെതിരെ വ്യാജ പരാതികൾ നൽകി പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. വാർത്തസമ്മേളനത്തിൽ എൻ. കൃഷ്ണക്കുറുപ്പ്, സുരേഷ്ബാബു, എം. മധു എന്നിവർ പങ്കെടുത്തു.
കർഷകരെ ദ്രോഹിക്കുന്ന നടപടിയില്ല – ദേവസ്വം അധികൃതർ
പുൽപള്ളി: പുൽപള്ളി ദേവസ്വം ഭൂമിയുടെ പേരിൽ ഒരു കർഷകനെയും ദ്രോഹിക്കുന്ന നടപടിയും ദേവസ്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് പുൽപള്ളി ദേവസ്വം അധികൃതർ പറഞ്ഞു. ഇതുമായി ചിലർ തെറ്റിദ്ധാരണകൾ പരത്തുകയാണെന്ന് ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരൻ നായർ പറഞ്ഞു. അപവാദപ്രചരണങ്ങളിൽ ആരും വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.