ഇടനിലക്കാരുടെ ചൂഷണം: കോഴി കർഷകർ പ്രതിഷേധത്തിൽ
text_fieldsപുൽപള്ളി: കർഷകരെ നഷ്ടത്തിലേക്ക് തള്ളിവിട്ട് ഇടനിലക്കാർ ലാഭം കൊയ്യുന്നതിനെതിരെ കോഴി കർഷകരുടെ കൂട്ടയ്മ രംഗത്ത്. ഇപ്പോൾ, അതത് ദിവസത്തെ ഫാം വിലക്ക് ഉപഭോക്താക്കൾക്ക് നേരിട്ട് കോഴി വിൽക്കുകയാണ് മുള്ളൻകൊല്ലിയിലെ ഒരുപറ്റം ഫാം നടത്തിപ്പുകാർ. കിലോക്ക് 90 രൂപയോളം ഉൽപാദനചെലവ് വരുന്നുണ്ടെങ്കിലും കർഷകർക്ക് ലഭിക്കുന്നത് തുച്ഛമായ തുകയാണ്.
പല പേരുകളിൽ ഇടനിലക്കാർ കോഴി കർഷകരെ ചൂഷണം ചെയ്യുകയാണെന്ന് ഇവർ ആരോപിക്കുന്നു. സമീപകാലത്ത് കോഴിവില 200 രൂപക്കടുത്ത് എത്തിയപ്പോഴും കർഷകർക്ക് ലഭിച്ചത് അതിെൻറ പകുതി തുകയാണ്. വൻ മുതൽമുടക്കിലാണ് പലരും ഫാമുകൾ തുടങ്ങിയത്. ന്യായവില ലഭിക്കാത്തതിനാൽ ഒട്ടേറെ ഫാമുകൾ പൂട്ടി. കച്ചവടക്കാർക്ക് നൽകുന്ന അതേവിലക്കാണ് ഇപ്പോൾ ഉപഭോക്താക്കൾക്കും കോഴിയെ നൽകുന്നത്.
ഒരു കിലോക്ക് 70 രൂപ തോതിലായിരുന്നു വില. വിപണിയൽ ഇത് 100 രൂപക്ക് മുകളിലാണ്. നിലവിൽ പെരിക്കല്ലൂർ, വണ്ടിക്കടവ്, മരക്കടവ്, സീതാമൗണ്ട് എന്നിവിടങ്ങളിലാണ് ന്യായവിലക്ക് കർഷകർ കോഴികളെ വിൽക്കുന്നത്.