കുങ്കിയാനകൾക്കും തെർമൽ ഡ്രോണിനും പിടികൊടുക്കാതെ കടുവ
text_fieldsപുൽപള്ളി അമരക്കുനിയിൽ കടുവയെ കണ്ടെത്താനുള്ള ദൗത്യത്തിനെത്തിയ കുങ്കിയാനകളായ കോന്നി
സുരേന്ദ്രനും വിക്രമും
പുൽപള്ളി: കുങ്കിയാനകളെയടക്കം കൊണ്ടുവന്നെങ്കിലും അമരക്കുനിയിലെ കടുവ കാണാമറയത്ത്. ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടിക്കാനുള്ള ദൗത്യം ഞായറാഴ്ച വിജയിച്ചില്ല. ദൗത്യം തിങ്കളാഴ്ചയും തുടരും.
കുങ്കി ആനകളെയും തെർമൽ ഡ്രോണും ഉപയോഗിച്ചായിരുന്നു വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള തെരച്ചിൽ ദൗത്യം. ഞായറാഴ്ച അതിർത്തി വനത്തോട് ചേർന്നുള്ള പ്രദേശങ്ങളും പരിശോധിച്ചിരുന്നു.
കുങ്കി ആനകളായ കോന്നി സുരേന്ദ്രനെയും വിക്രമിനെയും സ്ഥലത്തെത്തിച്ചിരുന്നു. മുത്തങ്ങ ആനപന്തിയിൽ നിന്നാണ് ഇവയെ ഉച്ചക്ക് അമരക്കുനിയിൽ എത്തിച്ചത്. ആദ്യം കൊണ്ടുവന്നത് വിക്രമിനെയാണ്. പിന്നീടാണ് കോന്നി സുരേന്ദ്രനെത്തിച്ചത്. കടുവ ഏതു ഭാഗത്താണെന്ന് സ്ഥിരീകരിച്ചാൽ ആനകളെ അവിടേക്ക് തിരച്ചിലിനായി കൊണ്ടുപോകാനാണ് പദ്ധതി. ആനകളെ അമരക്കുനിയിൽതന്നെ പാർപ്പിച്ചിരിക്കുകയാണ്.
പ്രദേശത്ത് മുമ്പ് സ്ഥാപിച്ച കൂടുകൾ രണ്ടും മാറ്റി സ്ഥാപിച്ചിട്ടുണ്ട്. അമരക്കുനി അങ്ങാടിയോട് ചേർന്നുള്ള തോട്ടത്തിൽ ഞായറാഴ്ച പുതുതായി ഒരു കൂടും സ്ഥാപിച്ചിട്ടുണ്ട്.
അമരക്കുനി അങ്ങാടിയോട് ചേർന്നുള്ള തോട്ടത്തിൽ ഞായറാഴ്ച സ്ഥാപിച്ച പുതിയ കൂട്
കടുവ കാടുകയറിയോ? കണ്ടെത്താനാവാതെ വനപാലകർ
പുൽപള്ളി: അമരക്കുനിയിൽ കഴിഞ്ഞ ഒരാഴ്ചയായി ഭീതി പരത്തുന്ന കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇവിടെ നിന്നും അര കിലോമീറ്റർ മാറിയാണ് കേരള കർണാടക വനം.
കർണാടക വനത്തിൽ നിന്നും ഇറങ്ങിയ കടുവയാണ് ജനവാസ കേന്ദ്രത്തിൽ എത്തിയിരിക്കുന്നതെന്നാണ് വനം വകുപ്പിന്റെ നിഗമനം. കേരളത്തിന്റെ അധീനതയിലുള്ള വനത്തിൽ നിന്നുള്ള കടുവയുടെ കാൽപ്പാടുകളല്ല അമരക്കുനിയിൽ പതിഞ്ഞിരിക്കുന്നത്. ഒരാഴ്ച മുമ്പ് രണ്ട് ആടുകളെ കടുവ കൊന്നുതിന്നിരുന്നു.
കടുവയെ പിടിക്കാനുള്ള ദൗത്യത്തിലുള്ള ജീവനക്കാർക്ക് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകുന്നു
ഇതിനുശേഷം ഇരുപതോളം സ്ഥലത്ത് കാമറ സ്ഥാപിച്ചിരുന്നു. ഇവയിൽ ഒന്നും കടുവയുടെ ചിത്രം പതിഞ്ഞിട്ടില്ല. അതേസമയം നാട്ടുകാരിൽ ചിലർ കടുവയെ നേരിൽ കാണുകയും ചെയ്തു. ഈയൊരു അവസ്ഥയിൽ കടുവ തോട്ടങ്ങളിൽ നിന്നും മറ്റ് തോട്ടങ്ങളിലേക്ക് മാറിപ്പോവുകയാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

