മഴയത്തും കുടിവെള്ള ക്ഷാമം രൂക്ഷം
text_fieldsആദിവാസി കുടുംബങ്ങൾ വെള്ളമെടുക്കുന്ന നീർചാൽ
പുൽപള്ളി: ഇരുളത്ത് ആദിവാസി കുടുംബങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷം. മരിയനാട് കാപ്പിത്തോട്ടം കൈയ്യേറി കുടിൽകെട്ടി താമസിക്കുന്ന ആദിവാസി കുടുംബങ്ങളാണ് കുടിവെള്ളത്തിനായി അലയുന്നത്. അങ്ങാടിശ്ശേരിക്കടുത്തുള്ള നീർചാലാണ് ഇവർക്ക് കുടിവെള്ളത്തിനുള്ള ഏക ആശ്രയം.
നിരവധി കുടുംബങ്ങൾ കഴിഞ്ഞ ഒരു വർഷത്തിലേറെയായി മരിയനാട് തോട്ടത്തിൽ കുടിൽകെട്ടി താമസിച്ച് വരുകയാണ്. വനവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആയിരത്തോളം കുടുംബങ്ങളാണ് താമസിക്കുന്നത്. വന്യജീവി ശല്യം ഇവിടെ രൂക്ഷമാണ്. ഇതോടൊപ്പമാണ് കുടിവെള്ളക്ഷാമവും.
വെള്ളത്തിനായി രണ്ടു കിലോമീറ്ററോളം ദൂരം നടക്കേണ്ട കുടുംബങ്ങൾ ഇവിടെയുണ്ട്. കുന്നിൻമുകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം പൈപ്പ് വച്ചാണ് ഇവർ ശേഖരിക്കുന്നത്. ഇവരുടെ ഭൂമി പ്രശ്നത്തിന് ഇനിയും തീർപ്പായിട്ടില്ല. ഭൂമി പതിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു തീരുമാനവും ഉണ്ടായിട്ടില്ല.