പ്രതിരോധ സംവിധാനങ്ങൾ അപര്യാപ്തം; കാടുകയറാതെ കാട്ടാനകൾ
text_fieldsrepresentational image
പുൽപ്പള്ളി: കാട്ടാനശല്യം രൂക്ഷമാകുമ്പോഴും പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാൻ അധികൃതർ ശ്രദ്ധിക്കുന്നില്ലെന്ന് പരാതി. പുൽപള്ളി മൂഴിമലയിൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി കർഷകരുടെ കൃഷിയിടങ്ങളിൽ കാട്ടാനയിറങ്ങി വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാക്കി. നെയ്ക്കുപ്പ വനത്തിൽനിന്ന് കൂട്ടമായി ഇറങ്ങുന്ന കാട്ടാനകളാണ് നിത്യവും കൃഷി നശിപ്പിക്കുന്നത്.
ചാരുവേലിൽ ജോസിന്റെ ഒരേക്കറോളം വാഴകൃഷി കാട്ടാന നശിപ്പിച്ചു. ചാരുവേലിൽ ഐപ്പ്, തണ്ണിക്കോട്ടിൽ സ്ലീവ, പുതിയേടം ജയേഷ്, ചാരുവേലിൽ പൈലി, തുടങ്ങിയവയുടെ കൃഷിയിടങ്ങളിൽ ഇറങ്ങിയ ആന ഇഞ്ചി, ചേന, കപ്പ, കമുക്, തെങ്ങ് തുടങ്ങിയ കൃഷികൾ നശിപ്പിച്ചു.
വനാതിർത്തിയിലെ ട്രഞ്ചും ഫെൻസിങ്ങും പലയിടത്തും തകർന്നു കിടക്കുകയാണ്. ഇത് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ആനക്കൂട്ടത്തെ ഭയന്ന് പകൽപോലും കർഷകർക്ക് വീടിന് പുറത്തിറങ്ങാൻ വരെ പറ്റാത്ത അവസ്ഥയാണ്. പ്രദേശത്ത് കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നും കൃഷി നാശമുണ്ടായവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ ആവശ്യപ്പെട്ടു.