ഉദ്ഘാടനം കാത്ത് ചേകാടി പാലം; അനുബന്ധ റോഡുകളുടെ വികസനവും നീളുന്നു
text_fieldsചേകാടി പാലം
പുൽപള്ളി: ചേകാടി പാലത്തിന്‍റെ പണി പൂർത്തിയാക്കിയിട്ടും ഉദ്ഘാടനം വൈകുന്നു. ജില്ലയിലെ ഏറ്റവും നീളമേറിയ പാലങ്ങളിൽ ഒന്നായ ചേകാടി പാലത്തിന്‍റെ പ്രവൃത്തി അഞ്ച് വർഷം മുമ്പ് പൂർത്തിയാക്കിയെങ്കിലും ഉദ്ഘാടനം വൈകുന്നതുമൂലം അനുബന്ധ റോഡുകളുടെ വികസനവും വൈകുകയാണ്.
മുൻ യു.ഡി.എഫ് സർക്കാറിന്‍റെ കാലത്താണ് പാലം നിർമാണം ആരംഭിച്ചത്. എന്നാൽ, പണി പൂർത്തിയാക്കിയത് പിന്നീട് വന്ന എൽ.ഡി.എഫ് സർക്കാറിന്‍റെ കാലത്താണ്. പുൽപള്ളി-തിരുനെല്ലി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കബനി പുഴക്ക് കുറുകെയാണ് പാലം നിർമിച്ചിരിക്കുന്നത്.
പുൽപള്ളി മേഖലയിൽ നിന്നും കർണാടകയിലേക്കും കാട്ടിക്കുളത്തേക്കും തിരുനെല്ലിയിലേക്കുമടക്കം ഏറ്റവും എളുപ്പത്തിൽ ബന്ധപ്പെടാവുന്ന റൂട്ടാണിത്. ബൈരക്കുപ്പ പാലത്തിന്‍റെ ബദൽ പാലം എന്ന നിലയിലാണ് ഈ പാലത്തെ അധികൃതരും വിലയിരുത്തിയിരുന്നത്. പാലം നിർമാണം തീർന്നെങ്കിലും അനുബന്ധ റോഡുകളുടെ പ്രവൃത്തി പൂർത്തിയാക്കിയിട്ടില്ല. ചേകാടിയിൽ നിന്നും പുൽപള്ളിയിലേക്കുള്ള വനപാത പൂർണമായും തകർന്നു.
പാതക്കിരുവശവും ഗതാഗതത്തിന് തടസ്സമായി നിരവധി മരങ്ങളും നിൽക്കുന്നുണ്ട്. ഇവ മുറിച്ചുനീക്കിയാൽ മാത്രമേ ഈ വഴിയുള്ള ഗതാഗതം സുഗമമമാവുകയുള്ളൂ. ചേകാടിയിൽ നിന്ന് കുറുവ ദ്വീപിലേക്കും വേഗത്തിൽ എത്തിപ്പെടാം. പുൽപള്ളിയുടെ വികസനത്തിനുതന്നെ ഏറെ ഉതകുന്ന ബൈരക്കുപ്പ പാലത്തിന്‍റെ അനുബന്ധ റോഡുകളുടെ വികസനം യുദ്ധകാലാടിസ്ഥാനത്തിൽ യാഥാർഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.