എൺപതിലും ഡ്രൈവർ സീറ്റിൽ പുൽപള്ളിയുടെ ആദ്യ ഓട്ടോക്കാരൻ
text_fieldsചാക്കോ ചേട്ടൻ പുൽപള്ളി ടൗണിലെ ഓട്ടോ സ്റ്റാൻഡിൽ
പുൽപള്ളി: 80 വയസ്സ് പിന്നിട്ടിട്ടും പ്രായം തളർത്താത്ത മനസ്സുമായി ഓട്ടോറിക്ഷ ഓടിക്കുകയാണ് പുൽപള്ളിയിലെ ചാക്കോ ചേട്ടൻ. ടൗണിലെ ഓട്ടോറിക്ഷ സ്റ്റാൻഡിൽ 42 വർഷമായി ഓട്ടോ ഡ്രൈവറായി ജോലി നോക്കുകയാണ് ചാക്കോ ചേട്ടൻ. പുൽപള്ളിയിൽ ഏറ്റവും ആദ്യം ഓട്ടോറിക്ഷ കൊണ്ടുവന്നതും ഇദ്ദേഹമാണ്. 1981ലാണ് പുൽപള്ളി ടൗണിൽ ഓട്ടോറിക്ഷ എത്തിയത്. ആദ്യത്തെ രണ്ടുവർഷം കഴിഞ്ഞപ്പോഴാണ് മറ്റൊരു ഓട്ടോറിക്ഷ പുൽപള്ളിയിൽ എത്തിയത്.
അന്നെല്ലാം ഓട്ടോ ഓടിക്കാൻ ആവശ്യമായ ഇന്ധനം വാങ്ങാൻ 25 കിലോമീറ്റർ അകലെ സുൽത്താൻ ബത്തേരിയിൽ പോകണം. മുച്ചക്ര വാഹനം ഓടിക്കാനുള്ള താൽപര്യം ഒന്നുകൊണ്ട് മാത്രമാണ് ഇപ്പോഴും ഡ്രൈവറായി തുടരുന്നത്. രാവിലെ വീട്ടിൽനിന്ന് ഓട്ടോയുമായി ഇറങ്ങുന്ന ഇദ്ദേഹം രാത്രി വരെ പുൽപള്ളി ടൗണിൽ ഉണ്ടാകും. ചാക്കോ ചേട്ടെൻറ ഓട്ടോറിക്ഷക്കാണ് ഒന്നാം നമ്പർ പെർമിറ്റ് നൽകിയിട്ടുള്ളത്.
30 വർഷത്തോളം ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ പ്രസിഡന്റുമായിരുന്നു. 80ാം വയസ്സിലും ഓട്ടോ ഓടിക്കുന്ന മറ്റൊരാൾ വയനാട്ടിലില്ലെന്നാണ് അറിയുന്നത്.