പുൽപള്ളിയിൽ കടുവ ആക്രമണത്തിൽ പശുക്കിടാവിന് പരിക്കേറ്റു
text_fieldsകടുവയുടെ
ആക്രമണത്തിൽ പരിക്കേറ്റ
പശുക്കിടാവ്
പുൽപള്ളി: കടുവയുടെ ആക്രമണത്തിൽ പശുക്കിടാവിന് പരിക്കേറ്റു. പുൽപള്ളി -56 നെടുങ്കല്ലേൽ ബിജുവിന്‍റെ തൊഴുത്തിലെ പശുക്കിടാവിന് നേരെയായിരുന്നു കടുവയുടെ ആക്രമണം. തിങ്കളാഴ്ച രാത്രി 12 ഓടെയായിരുന്നു കടുവ വീടിനോട് ചേർന്ന തൊഴുത്തിൽ കെട്ടിയിട്ട പശുക്കിടാവിനെ ആക്രമിച്ചത്.
ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് പശുക്കിടാവിന് പരിക്കേറ്റതായി കണ്ടെത്തിയത്. കടുവയുടെ കാൽ പാടുകൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. കടുവ തന്നെയാണ് പശുക്കിടാവിനെ ആക്രമിച്ചതെന്ന് വനപാലകർ പറഞ്ഞു. കൈകാലുകൾക്ക് പരിക്കേറ്റ പശുക്കിടാവിന്‍റെ ഉടമക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് വനപാലകർ അറിയിച്ചു.
ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ ഡപ്യൂട്ടി റെയിഞ്ച് ഓഫീസർ അനിൽ കുമാറിന്‍റെ നേതൃത്വത്തിൽ രാവിലെ കാൽപാടുകൾ കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തി. ഇവിടെ നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്ന് വനപാലകർ പറഞ്ഞു.
നിരവധി നാളുകളായി കടുവയുടെ സാന്നിധ്യം മേഖലയിൽ വർദ്ധിച്ചുവരികയാണ്. ഏരിയപ്പള്ളി, ചേപ്പില, സുരഭിക്കവല, പാളക്കൊല്ലി പ്രദേശങ്ങളിൽ കടുവയുടെ കാൽപാടുകൾ കണ്ടെത്തിയിരുന്നു. കാൽ പാടുകൾ പരിശോധിച്ചതിൽ ഈ പ്രദേശത്തെല്ലാം കണ്ടെത്തിയത് ഒരു കടുവ തന്നെയാണെന്നാണ് നിഗമനം. കടുവയെ കൂട് വെച്ച് പിടികൂടണം എന്ന ആവശ്യം ശക്തമാണ്.