പുൽപള്ളി: ശസ്ത്രക്രിയയിലൂടെ രണ്ട് കുട്ടികൾക്ക് പൂച്ച ജന്മം നൽകി. ഇതിനായി പൂച്ചയെയുംകൊണ്ട് യാത്ര ചെയ്തത് 70 കിലോമീറ്റർ ദൂരം. പുൽപള്ളി വടാനക്കവലയിലെ തെങ്ങുംതൊടി അബൂബക്കറിന് പറയാനുള്ളത് വീട്ടിൽ വളർത്തുന്ന പൂച്ചയുടെ ജീവൻ രക്ഷിച്ച കഥയാണ്.
കഴിഞ്ഞ ദിവസമാണ് അബൂബക്കറിെൻറ വീട്ടിലെ പൂച്ച പ്രസവവേദനകൊണ്ട് പുളഞ്ഞത്. ഒരു കുട്ടിയെ പ്രസവിച്ചെങ്കിലും ചത്തു. പിന്നീട് പൂച്ച മരണവെപ്രാളം കാട്ടുകയായിരുന്നു. ഉടനെ പുൽപള്ളിയിലെ മൃഗാശുപത്രിയിലെത്തിച്ചെങ്കിലും സിസേറിയൻ ചെയ്യണമെന്നായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞത്. ഇതിനായി പുൽപള്ളിയിൽ സൗകര്യമില്ലെന്നും പൂക്കോട് വെറ്ററിനറി ആശുപത്രിയിൽ കൊണ്ടുപോകാനുമായിരുന്നു നിർദേശം.
ഉടനെ അബൂബക്കർ കാറ് വാടകക്ക് വിളിച്ച് പൂക്കോട്ടേക്ക് യാത്രയായി. ലോക്ഡൗൺ സമയമായതിനാൽ പലയിടത്തും തടഞ്ഞു. കാരണം പറഞ്ഞപ്പോൾ യാത്ര തുടരാൻ അനുമതി. പൂക്കോട് ആശുപത്രിയിലെത്തിച്ച പൂച്ചയെ അവിടത്തെ ഡോക്ടർമാർ ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. ഇപ്പോൾ അമ്മയും മക്കളും സുഖമായിരിക്കുന്നു. ഇതിെൻറ സന്തോഷത്തിലാണ് അബൂബക്കറും കുടുംബവും.