പ്രതിഷേധം ഫലം കണ്ടു; കോട്ടനാട് പ്ലാന്റേഷൻ തൊഴിലാളികൾക്ക് 13 ശതമാനം ബോണസ് നൽകും
text_fieldsഎസ്റ്റേറ്റ് ഓഫിസ് മാർച്ച് നടത്തുന്ന കോട്ടനാട് എസ്റ്റേറ്റ്
തൊഴിലാളികൾ
മേപ്പാടി: മിനിമം ബോണസ് മാത്രം പ്രഖ്യാപിച്ച മാനേജ്മെന്റ് നടപടി അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് കോട്ടനാട് പ്ലാന്റേഷൻ തൊഴിലാളികൾ സംയുക്തമായി ആരംഭിച്ച പ്രക്ഷോഭം ഫലം കണ്ടു. രണ്ടാഴ്ചക്കാലം തൊഴിലാളികളുടെ സമരപരിപാടികൾ നീണ്ടുനിന്നു. യൂനിയൻ പ്രതിനിധികളുമായി പലവട്ടം നടത്തിയ ചർച്ചകൾക്കൊടുവിൽ 13 ശതമാനം ബോണസ് നൽകാൻ മാനേജ്മെന്റ് തയാറായി. 15 ശതമാനം ബോണസെന്ന ആവശ്യമാണ് യൂനിയനുകൾ മുന്നോട്ടുവെച്ചത്.
ഈ ആവശ്യമുന്നയിച്ച് തൊഴിലാളികൾ സംയുക്തമായി നിരന്തര പ്രക്ഷോഭം സംഘടിപ്പിച്ചു. എന്നും രാവിലെ മസ്റ്റർ ഓഫിസിലേക്ക് സംയുക്ത മാർച്ച് നടത്തിയ ശേഷമായിരുന്നു ജോലിക്ക് ഇറങ്ങാറ്. ഒരു ഘട്ടത്തിൽ 10 ശതമാനം ബോണസ് വാഗ്ദാനം മാനേജ്മെന്റ് മുന്നോട്ടുവെച്ചെങ്കിലും തൊഴിലാളികൾ അംഗീകരിച്ചില്ല. മാത്രമല്ല മിനിമം ബോണസ് ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചാൽ തുക പിൻവലിച്ച് മാനേജ്മെന്റിനെ തിരിച്ചേൽപ്പിക്കുമെന്നും അവർ പ്രഖ്യാപിച്ചു. ഒടുവിൽ 13ശതമാനം ബോണസ് എന്നത് ചർച്ചയിൽ അംഗീകരിക്കുകയായിരുന്നു. മേപ്പാടി മേഖലയിൽ ഏറ്റവും കൂടിയ നിരക്കിൽ ബോണസ് നൽകിയ എസ്റ്റേറ്റായി കോട്ടനാട് പ്ലാന്റേഷൻ മാറി. ഇതുസംബന്ധിച്ച് മാനേജ്മെന്റുമായി നടന്ന ചർച്ചയിൽ പി.കെ. അനിൽകുമാർ, സി. സഹദേവൻ (എച്ച്.എം.എസ്), കെ.ടി. ബാലകൃഷ്ണൻ (സി.ഐ.ടി.യു), ബി. സുരേഷ്ബാബു (ഐ.എൻ.ടി.യു.സി) എന്നിവർ പങ്കെടുത്തു. തൊഴിലാളികൾ കാണിച്ച ഇച്ഛാശക്തിയാണ് പ്രക്ഷോഭത്തെ വിജയത്തിലെത്തിക്കാൻ സഹായിച്ചതെന്ന് യൂനിയൻ നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

