പൊഴുതന മേഖല പുലിഭീതിയിൽ; പശുക്കിടാവിനെ കൊന്നുതിന്നു
text_fieldsപൊഴുതനയിൽ പുലിയുടെ ആക്രമണത്തിൽ ചത്ത പശുക്കിടാവിന്റെ ജഡം അധികൃതർ പരിശോധിക്കുന്നു, പുലിയെ പിടികൂടുന്നതിന് ചാത്തോത്ത് ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്
പൊഴുതന: പൊഴുതന മേഖല പുലി ഭീതിയിൽ. അച്ചൂർ, ചാത്തോത്ത് ഭാഗത്ത് ഒരാഴ്ചയായി പുലിയുടെ സാന്നിധ്യം തുടരുകയാണ്. പുലി ശല്യം നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. ഞായറാഴ്ച പുലർച്ചെ അച്ചൂർ സ്വദേശിയായ മുജീബ് കുട്ടിപ്പയുടെ തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ പുലി കൊന്നുതിന്നു. മറ്റൊരു പശുവിനെ ആക്രമിച്ചു. ജനവാസ മേഖലയും തോട്ടം തൊഴിലാളികൾ തിങ്ങി താമസിക്കുന്ന അച്ചൂർ പതിനാറ് എസ്റ്റേറ്റ് പാടിക്ക് സമീപത്താണ് പുലിയെത്തിയത്.
കഴിഞ്ഞ ഒരാഴ്ചയായി പല തവണ അച്ചൂർ പമ്പ് ഹൗസിന് സമീപം നാട്ടുകാർ പുലിയെ കണ്ടിരുന്നു. വനംവകുപ്പ് അധികൃതരും പഞ്ചായത്ത് അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വെറ്ററിനറി സർജന്റെ സഹായത്തോടെ പശുവിനെ പോസ്റ്റ്മോർട്ടം ചെയ്തു. പഞ്ചായത്ത് അധികൃതർ വനംവകുപ്പുമായി നടത്തിയ ചർച്ചയിൽ ചാത്തോത്ത് മേഖലയിൽ പുലിയെ പിടിക്കുന്നതിന് കൂട് സ്ഥാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച അച്ചൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് അവധി പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു.
പുലി കാമറയിൽ
സുൽത്താൻ ബത്തേരി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബീനാച്ചി, അരിവയൽ മേഖലകളിൽ തങ്ങുന്ന പുലിയുടെ ചിത്രം വനം വകുപ്പിന്റെ കാമറയിൽ പതിഞ്ഞു. കഴിഞ്ഞ ദിവസം വളർത്തു നായെ കൊന്ന പുലിയാണ് ഇതെന്നാണ് നിഗമനം. പുലിക്കായി വനം വകുപ്പ് തിരച്ചിൽ നടത്തുകയാണ്. കൂടുവെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സുൽത്താൻ ബത്തേരി ബീനാച്ചി അരിവയലിൽ ഭീതി പടർത്തുന്ന പുലിയുടെ ചിത്രം വനംവകുപ്പിന്റെ കാമറയിൽ പതിഞ്ഞപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

