അടിസ്ഥാന സൗകര്യങ്ങൾ തരൂ, വോട്ട് തരാം
text_fieldsജീർണാവസ്ഥയിലുള്ള പൊഴുതന പഞ്ചായത്തിലെ എസ്റ്റേറ്റ് പാടികളിലൊന്ന്
പൊഴുതന: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടെ വോട്ടുറപ്പിക്കാൻ തോട്ടം മേഖലയിൽ നെട്ടോട്ടമോടുകയാണ് സ്ഥാനാർഥികൾ. മലയോര തോട്ടം മേഖലയായ പൊഴുതന, വൈത്തിരി, മേപ്പാടി തുടങ്ങിയ പഞ്ചായത്തുകളിൽ ജനവിധി നിർണയിക്കുന്നവരിൽ നിർണായക ഘടകമാണ് തോട്ടം തൊഴിലാളികൾ.
എന്നാൽ, അതിരാവിലെ തോട്ടങ്ങളിൽ പണിക്കെത്തി വൈകി വീട്ടിലെത്തുന്ന തൊഴിലാളികൾക്ക് അതിജീവനം തന്നെ മുഖ്യവിഷയം. പൊഴുതന പഞ്ചായത്തിലെ കല്ലൂർ, പാറക്കുന്ന്, അച്ചൂർ നോർത്ത് വാർഡുകളിലും വൈത്തിരി പഞ്ചായത്തിലെ തളിമല, ചാരിറ്റി, ചുണ്ടേൽ, മേപ്പാടി പഞ്ചായത്തിലെ ചെമ്പ്ര, കടൂർ, മേപ്പാടി തുടങ്ങിയ വാർഡുകളിൽ തോട്ടം തൊഴിലാളികൾ നിർണായകമാണ്.
കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പൊഴുതന ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർഥി സി.എം. ശിവരാമൻ തോട്ടം തൊഴിലാളികളോട് വോട്ടഭ്യർഥിക്കുന്നു
തൊഴിലാളികളുടെഅടിസ്ഥാന വികസനമാണ് ഇക്കുറിയും രാഷ്ട്രീയപാർട്ടികൾ വോട്ടുറപ്പിക്കാൻ മുന്നോട്ടുവെക്കുന്നത്. മുൻകാലങ്ങളെ പോലെ ഈ തെരഞ്ഞെടുപ്പുകളിലും കൂലിവർധന, സ്വന്തമായി ഭവനം, കുടിവെള്ളം, കുട്ടികളുടെ വിദ്യാഭ്യാസം, പാടികളുടെ അടിസ്ഥാന സൗകര്യം, തൊഴിൽ ഏകീകരണം തുടങ്ങിയവ തൊഴിലാളികൾ ആവശ്യപ്പെടുന്നു. മുൻകാലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ പ്രകടനപത്രികയിൽ പറഞ്ഞ പല വാഗ്ദാനങ്ങളും ജയിച്ചുകഴിഞ്ഞപ്പോൾ മിക്ക രാഷ്ട്രീയ പാർട്ടികളും പാലിച്ചില്ലെന്ന് തോട്ടം തൊഴിലാളികൾക്ക് അമർഷമുണ്ട്.
തൊഴിലാളികൾക്ക് ദുരിതംതന്നെ
തോട്ടം മേഖലയിൽ ജോലിചെയ്യുന്ന പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് ഏറ്റവും കൂടുതൽ ദുരിതം പേറുന്നത്. രാവിലെ എട്ടുമണിക്ക് തുടങ്ങുന്ന ജോലി വൈകീട്ട് അഞ്ചുമണിക്കാണ് അവസാനിക്കുന്നത്. മിക്ക എസ്റ്റേറ്റുകളിലും ഇപ്പോഴും 430 രൂപ മാത്രമാണ് ദിവസക്കൂലി. ഇതിൽ മാനേജ്മെന്റ് എല്ലാ ആനുകൂല്യങ്ങളും പിടിച്ചുകഴിയുമ്പോൾ 300 രൂപയോളം മാത്രമായി ചുരുങ്ങുന്നു. ശരാശരി നാലുപേർ അടങ്ങുന്ന കുടുംബത്തിന് കുട്ടികളുടെ വിദ്യാഭ്യാസവും ജീവിതച്ചെലവും താങ്ങാനാവാത്ത അവസ്ഥയാണുള്ളത്.
തൊഴിലാളികൾ സ്ഥാനാർഥികളോട് മുന്നോട്ടുവെക്കുന്ന വലിയ ആവശ്യം പാടികളുടെ അടിസ്ഥാന സൗകര്യമാണ്. ശോച്യാവസ്ഥയിലാണ് മിക്ക എസ്റ്റേറ്റ് പാടികളും. 1945കളിൽ നിർമിച്ച ഒരു ബെഡ്റൂം മാത്രമുള്ള ഒറ്റ ലൈൻ പാടികളാണ് തോട്ടം മേഖലയിൽ ഭൂരിഭാഗവും.
പൊഴുതനയിലെ തോട്ടം തൊഴിലാളികളോട് വോട്ട് ചോദിക്കുന്ന കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പൊഴുതന ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി കെ.കെ. ഹനീഫ
കാലപ്പഴക്കത്താൽ തകർച്ചഭീഷണി നേരിടുന്ന പാടികളുടെ അറ്റകുറ്റപ്പണിയും നവീകരണവും നടത്തണമെന്നാണ് തൊഴിലാളികൾ ഇക്കുറിയും ആവശ്യപ്പെടുന്നത്. ഭവനരഹിതരായ തോട്ടം തൊഴിലാളികളിൽ ഭൂരിഭാഗത്തെയും ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. തോട്ടം തൊഴിൽ മേഖല കേന്ദ്രീകരിച്ചുള്ള ജില്ല, ബ്ലോക്ക്, വാർഡ് സ്ഥാനാർഥികളുടെ പ്രചാരണം ഇക്കുറി ആരെ തുണക്കും എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയപാർട്ടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

