തെരുവുനായുടെ ആക്രമണം; ആറാംമൈലിൽ മൂന്നു പേർക്ക് കടിയേറ്റു
text_fieldsആറാം മൈലിൽ വിദ്യാർഥിക്ക് നായുടെ കടിയേറ്റ നിലയിൽ
പൊഴുതന: പൊഴുതന പഞ്ചായത്തിലെ ആറാംമൈൽ പ്രദേശത്ത് തെരുവുനായ് ആക്രമണം രൂക്ഷം. വിദ്യാർഥികൾ ഉൾപ്പെടെ മൂന്നുപേർക്ക് തെരുവുനായുടെ ആക്രമണത്തിൽ ശനിയാഴ്ച പരിക്കേറ്റു. രാവിലെ മദ്റസ കഴിഞ്ഞുവരുകയായിരുന്ന ഇല്ലിക്കൊട്ടിൽ ഹുസൈന്റെ മകൻ മുഹമ്മദ് സഹലിനെ (ഒമ്പത്) നായ് ഓടിച്ചിട്ടു കടിക്കുകയായിരുന്നു.
നായുടെ ആക്രമണത്തിൽ കുട്ടിയുടെ കൈക്കാണ് കടിയേറ്റത്. തുറക്കൽ വീട്ടിൽ ലത്തീഫിന്റെ ഭാര്യ തസ്ലീനക്കും മറ്റൊരു വിദ്യാർഥിക്കും നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു. കടിയേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. ടൗണിൽ അലഞ്ഞുനടക്കുന്ന നായ്ക്കൂട്ടങ്ങൾ ആളുകളെ ആക്രമിക്കുന്നതിനൊപ്പംതന്നെ വളർത്തു മൃഗങ്ങൾക്കും ഭീഷണിയാണ്. തെരുവുനായ്ക്കളുടെ ആക്രമണം പ്രതിരോധിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.