പൊഴുതനയിൽ പോത്തിനെ പുലി കൊന്നു
text_fieldsപോത്തിന്റെ ജഡത്തിന് സമീപം
കണ്ടെത്തിയ പുലിയുടെ കാൽപാടുകൾ
പൊഴുതന: ജനവാസ മേഖലയായ പൊഴുതന പഞ്ചായത്തിലെ അച്ചുർ 13 പ്രദേശത്ത് വീണ്ടും വന്യജീവി ആക്രമണം. മൈലുമ്പത്തി സ്വദേശിയായ ശിഹാബ് എന്ന കർഷകന്റെ ഒരു വയസ്സുള്ള പോത്തിനെ പുലി പകുതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി.
തോട്ടം മേഖലയായ അച്ചുർ എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിന് സമീപം പാതി ഭക്ഷിച്ച നിലയിലാണ് കണ്ടത്. വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു. പുലിയുടെ കാൽപ്പാടുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് ഒരു വർഷത്തിനിടെ രണ്ടു വളർത്തു നായ്ക്കളെയും രണ്ട് പശുവിനെയും വന്യജീവി പകുതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
തോട്ടം മേഖലയായ പൊഴുതനയിൽ പുലി സാന്നിധ്യം ഏറുകയാണ്. നായ്, പന്നി, പശു തുടങ്ങിയ ആറോളം ജീവികളാണ് പുലി ഭക്ഷിച്ചത്. ഏതാനും വർഷം മുമ്പ് ആറാംമൈൽ പ്രദേശത്തുനിന്ന് കിണറ്റിൽ വീണ പുള്ളിപ്പുലിയെ പിടികൂടിയിരുന്നു.
സുഗന്ധഗിരി, കുറിച്യർമല, ആറാം മൈൽ തുടങ്ങിയ ജനവാസ മേഖലയിലെ വന്യജീവി ആശങ്ക പരിഹരിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

