ഉരുളെടുത്തിട്ട് പതിറ്റാണ്ട്; വീണ്ടെടുക്കണം കുറിച്ച്യർമലയുടെ ജൈവസമ്പത്ത്
text_fieldsഉരുൾപൊട്ടലിനെ തുടർന്ന് ജൈവസമ്പത്ത് നഷ്ടപ്പെട്ട കുറിച്ച്യർമലയുടെ സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽപെട്ട പ്രദേശം, അപൂർവയിനം ജൈവ സമ്പത്തുകൾ നിലനിൽക്കുന്ന കുറിച്ച്യർ മല പുഴയോരം
പൊഴുതന: മറ്റൊരു പരിസ്ഥിതി ദിനം കടന്നുപോകുമ്പോഴും വയനാടൻ ജൈവസമ്പത്തിന്റെ കലവറയായ കുറിച്യർമല പുനരുജ്ജീവന പ്രവർത്തനങ്ങൾ കടലാസിൽ. വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ പൊഴുതന സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയവും അതീവ പരിസ്ഥിതി ലോലവുമായ കുറിച്യർമലയിൽ 2018-19 കാലഘട്ടങ്ങളിലാണ് ഉരുൾപൊട്ടിയത്. രണ്ട് തവണയുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനോട് ചേർന്ന് സ്ഥിതിചെയ്യുന്ന വനമേഖലയുടെ ഒരുഭാഗം ഒന്നടങ്കം കുത്തിയൊലിച്ചുപോവുകയായിരുന്നു.
അപൂർവയിനം സസ്യങ്ങൾ, ഉരഗങ്ങൾ, മത്സ്യങ്ങൾ തുടങ്ങിയവയും തോടുകളടക്കവും നഷ്ടപ്പെട്ടു. എന്നാൽ ഒരു പതിറ്റാണ്ടിലേക്ക് കടക്കുമ്പോഴും കുറിച്യർമലയുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ ഒന്നുമായിട്ടില്ല. കുറിച്ച്യർമല മുതൽ മേൽമുറി, വേങ്ങാത്തോട് വരെ ആറ് കിലോമീറ്റർ പരിധിയിൽ ഹെക്ടർ കണക്കിന് ആവാസവ്യവസ്ഥയാണ് ഇല്ലാതായത്. ശക്തമായ ഉരുൾപൊട്ടലിൽ തോടുകളും പുഴകളും ഗതിമാറി. മണ്ണൊലിപ്പ് കൂടി. ആവാസവ്യവസ്ഥക്ക് സാരമായ കേടുപാടുണ്ടായി.
ഓരോ മഴക്കാലവും ഭീതിയോടെയാണ് പ്രദേശത്തുള്ളവർ നോക്കിക്കാണുന്നത്. ഉരുൾപൊട്ടലുണ്ടാകുന്ന സ്ഥലത്തെ മരങ്ങൾ, ചെടികൾ, പുൽമേടുകൾ എന്നിവ അടിവേരോടെ പിഴുതെറിയപ്പെട്ടിരുന്നു. ഇത് അവിടെ ജീവിച്ചിരുന്ന കൂരൻ, മുയൽ, മുള്ളൻപന്നി എന്നിവയുടെയും കാട്ടുകോഴി, ചാര കോഴി, കുളകോഴി, പൊന്മാൻ തുടങ്ങിയ പക്ഷികളുടെയും സ്വാഭാവിക ആവാസത്തെ പൂർണമായി ഇല്ലാതാക്കി. പശ്ചിമഘട്ടം പോലുള്ള ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളിൽ സംഭവിക്കുന്ന ഇത്തരം ദുരന്തങ്ങൾ ഉഭയജീവികൾ, സസ്തനികൾ, അപൂർവ്വ സസ്യങ്ങൾ എന്നിവയുടെ വംശനാശത്തിന് കാരണമാകുന്നുണ്ട്. എല്ലാ വർഷവും കാലവർഷം ആരംഭിക്കുന്നതോടെ മേൽമണ്ണ് ഒലിച്ചുപോകുന്നതുമൂലം ആ പ്രദേശത്തെ മണ്ണിലെ സൂക്ഷ്മാണുക്കളും നശിക്കുന്നു. ജീവികളുടെയും സസ്യങ്ങളുടെയും സന്തുലിതാവസ്ഥ തകരുന്നു. ഉരുൾപൊട്ടലിന്റെ ആഘാതം മൂലം ജൈവസമൃദ്ധമായിരുന്ന പാറപ്പുഴ, അത്തിപുഴ, റാട്ടകുണ്ട് തുടങ്ങിയ തോടുകൾ ഇല്ലാതായി.
അമിതമായി എത്തിയ മണ്ണ് ജലത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും അരുവികളിലെ ജലജീവികളുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും ചെയ്തു. വരാനിരിക്കുന്ന ഓരോ തലമുറക്കും ഗുണകരമാകുന്ന രീതിയിൽ തദ്ദേശ വകുപ്പടക്കം ഇടപെട്ട് കുറിച്ച്യർമലയുടെ ജൈവസമ്പത്ത തിരിച്ചുപിടിക്കേണ്ടതുണ്ട്. ആവാസ വ്യവസ്ഥ നഷ്ടപ്പെട്ട പ്രദേശങ്ങളിൽ വൃക്ഷത്തൈകൾ നടുന്നതോടൊപ്പം തണ്ണീർത്തടങ്ങൾ, വനങ്ങൾ എന്നിവ സംരക്ഷിക്കുകയും വേണം. ഇത്തരം പ്രകൃതിദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാൻ ഇത് സഹായിക്കും. എന്നാൽ ഇതിനുള്ള കാര്യമായ നടപടികൾ മാത്രമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

