പൂതിക്കാട് റിസോര്‍ട്ടിലെ സംഘര്‍ഷം; ഒളിവില്‍പോയ പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്
text_fieldsസുൽത്താൻ ബത്തേരി: ബീനാച്ചി പൂതിക്കാട് റിസോർട്ടിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിയുന്ന സി.പി.എം മുൻ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബീനാച്ചി സ്വദേശികളായ സി.പി.എം മുൻ ലോക്കൽ സെക്രട്ടറി കോച്ചേരിയിൽ നിധിൻ, കേളോത്ത് അനൂജ്, പാങ്ങാട്ട് ശരത്ത് രാജ് എന്നിവർക്കെതിരെയാണ് ബത്തേരി പൊലീസ് കഴിഞ്ഞദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്ന് ലുക്കൗട്ട് നോട്ടീസിൽ പറയുന്നു. കഴിഞ്ഞ മാസം 22ന് രാത്രിയാണ് പൂതിക്കാട്ടെ സ്വകാര്യ റിസോർട്ടിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്.
റിസോർട്ട് ജീവനക്കാരന്റെയും സുഹൃത്തിന്റെയും പരാതിയിൽ അഞ്ചുപേർക്കെതിരെ കേസെടുക്കുകയും നാലുപേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, നിരപരാധികളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതാണെന്ന് ആരോപിച്ച് ഇവരുടെ ബന്ധുക്കൾ രംഗത്തെത്തി. തുടർന്ന് ഇവരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണ് നിധിനും കൂട്ടാളികളും. സംഘർഷത്തിൽ ഇരുവിഭാഗത്തിലുള്ളവർക്കും പരിക്കേറ്റിരുന്നു. ആദ്യ കേസിലെ പ്രതികളെ ഉടൻ പിടികൂടിയ പൊലീസ്, എതിർവിഭാഗത്തിന്റെ കേസിലെ പ്രതികളെ സംരക്ഷിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയതോടെ വിഷയം രാഷ്ട്രീയ വിവാദമായി. കോൺഗ്രസ് ആരോപണങ്ങൾക്ക് മറുപടിയുമായി സി.പി.എമ്മും രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

