പൂക്കോട് 'എന്നൂര്' പൈതൃക പദ്ധതി: ഉദ്യോഗസ്ഥർക്കെതിരെ ഊരുമൂപ്പന്മാർ
text_fieldsനിർമാണം പുരോഗമിക്കുന്ന ‘എന്നൂര്’ പൈതൃക പദ്ധതിക്കായുള്ള കെട്ടിടങ്ങൾ
വൈത്തിരി: കേരളത്തിലങ്ങോളമിങ്ങോളമുള്ള ആദിവാസി ഗോത്രസമൂഹങ്ങളുടെ പച്ചയായ ജീവിത ശൈലികളും കലകളും ആവിഷ്കരിക്കുന്നതിനായി സർക്കാർ നടപ്പാക്കുന്ന പൂക്കോട് 'എന്നൂര്' പൈതൃക പദ്ധതി പ്രവർത്തനം തുടങ്ങുംമുേമ്പ കല്ലുകടി.
ജില്ല ഭരണകൂടത്തിനും ഉദ്യോഗസ്ഥർക്കുമെതിരെ പരാതിയുമായി ആദിവാസി മൂപ്പന്മാർ രംഗത്തെത്തി. തങ്ങളെ നോക്കുകുത്തിയാക്കി ജില്ല ഭരണകൂടവും ഉദ്യോഗസ്ഥരും തീരുമാനങ്ങളെടുക്കുന്നതായി വിവിധ ആദിവാസി ഊരുകളിലെ മൂപ്പന്മാരടങ്ങുന്ന ഭരണസമിതി പരാതിപ്പെട്ടു.
14 ഊരു മൂപ്പന്മാരടങ്ങുന്നതാണ് ഭരണസമിതി. നിയമനങ്ങളിൽപോലും ഉദ്യോഗസ്ഥർ ഭരണസമിതി അറിയാതെ തീരുമാനമെടുക്കുകയാണ്. എന്നൂര് പദ്ധതിയിലെ വിവിധ ഒഴിവുകളിലേക്കുള്ള ഉദ്യോഗാർഥികളുടെ അഭിമുഖവും ഇവർ അറിയാതെ നടത്തി. ഇപ്പോൾ ഉദ്യോഗസ്ഥർ ഇടപെട്ടു കുടുംബശ്രീ മിഷൻ മുഖേനയാണ് റിക്രൂട്ട് ചെയ്യുന്നത്. ആദിവാസികളുടെ അഭിപ്രായങ്ങൾ മുഖവിലക്കെടുക്കുന്നില്ലെന്ന് മൂപ്പന്മാർ പറയുന്നു.
എന്നൂരിെൻറ ചുറ്റുവട്ടത്തുള്ള കോളനികളിൽ തന്നെ അഭ്യസ്തവിദ്യരായ നിരവധി ആദിവാസി കുട്ടികൾ ജോലിയില്ലാതെ നിൽക്കുമ്പോൾ ദൂരെ ദിക്കുകളിൽനിന്നുള്ളവർക്കാണ് പരിഗണന നൽകുന്നത്. എന്നൂര് പദ്ധതി പ്രദേശമായ വൈത്തിരി പഞ്ചായത്തിൽ നിന്നോ പൊഴുതന പഞ്ചായത്തിൽനിന്നോ ആരെയും ഇതുവരെ ജോലിക്കെടുത്തിട്ടില്ല. പൊഴുതന പഞ്ചായത്തുകാരനായി ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണുള്ളത്. ഭരണ സമിതിയിലെ 14 ഊരുമൂപ്പന്മാരും ഉദ്യോഗസ്ഥരുടെ മേൽക്കോയ്മയിൽ അസംതൃപ്തരാണ്. എന്നൂരിെൻറ പ്രസിഡൻറായ സബ് കലക്ടർ പോലും തങ്ങളോട് ഒന്നും ചർച്ച ചെയ്യാറില്ലെന്ന് ഇവർ പറയുന്നു.
എന്നൂര് നിർമാണ പ്രവൃത്തികൾ ഇപ്പോൾ ഇഴയുകയാണ്. പലതും പാതിവഴിയിലായിട്ടു വർഷങ്ങളായി. നിർമിതിക്കാണ് കരാർ നൽകിയത്. പൈതൃക പദ്ധതിയിൽ ആദിവാസികൾക്ക് വാണിജ്യാവശ്യത്തിന് അനുവദിച്ചിട്ടുള്ള മുറികളൊന്നുംതന്നെ ഇതുവരെ തയാറായിട്ടില്ല. നിർമിതി സബ് കരാർ നൽകിയ കമ്പനികളും മെല്ലെപ്പോക്കിലാണ്. ആവശ്യത്തിന് ജോലിക്കാരില്ലാത്തതിനാലാണ് പണികൾ ഇഴഞ്ഞുനീങ്ങുന്നത്. എന്നൂരിലേക്കുള്ള റോഡ് നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

