Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂക്കോട് തടാകത്തിലെ പായലും ചളിയും നീക്കൽ; അഴിമതിച്ചളി പലരുടെയും കൈകളിൽ

text_fields
bookmark_border
സസ്പെൻഷനിലായത് മുൻ സെക്രട്ടറി മാത്രം, നടന്നത് വൻ അഴിമതി
പൂക്കോട് തടാകം
cancel
camera_alt


പൂക്കോട് തടാകം


വൈത്തിരി: ജില്ലയിലെ പ്രശസ്തവും ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്നതുമായ പൂക്കോട് തടാകത്തിൽ വർഷങ്ങൾക്ക് മുൻപ് നടന്ന അഴിമതിയിൽ അന്നത്തെ ഡി.ടി.പി.സി ബോർഡ് സെക്രട്ടറിയെ ഇക്കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തു.

അദ്ദേഹം നിലവിൽ സാങ്കേതിക സർവകലാശാല ഡെപ്യൂട്ടി രജിസ്ട്രാർ ആണ്. തടാകത്തിൽ അടിഞ്ഞുകൂടിയ പായലും ചളിയും നീക്കാൻ കോടിക്കണക്കിനു രൂപയാണ് ഡി.ടി.പി.സി ചിലവഴിച്ചത്.

40-50 ലക്ഷം രൂപയ്ക്കു തീർക്കാവുന്ന പ്രവൃത്തിക്കാണ് 2.58 കോടി ചിലവഴിച്ചത്. എന്നിട്ടും ഇന്നും തടാകം മുഴുവൻ പായൽ നിറഞ്ഞിരിക്കുകയാണ്. 2022ൽ ഇത് സംബന്ധിച്ച് ‘ചളിയിൽ മുങ്ങിയ കോടികൾ’ എന്ന തലക്കെട്ടിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് വിജിലൻസ് അന്വേഷണം നടന്നതും വർഷങ്ങൾക്കുശേഷം നടപടിയുണ്ടായതും. എന്നാൽ, തികച്ചും അപര്യാപ്തമായ നടപടിയാണ് ഒരാളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന സസ്‌പെൻഷൻ. ഡി.ടി.പി.സയുമായി ബന്ധപ്പെട്ട പലരുടെ പേരും അന്ന് ഉയർന്നുവന്നിരുന്നുവെങ്കിലും പലരും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ഒരു പ്രമുഖപാർട്ടിയുടെ സംസ്ഥാന നേതാവിന്റെ വായനാട്ടുകാരനായ സഹോദരപുത്രനാണ് ചളിവാരൽ പ്രവൃത്തിയുടെ കരാർ ലഭിച്ചത്.

വർഷാവർഷം രണ്ടും മൂന്നും ലക്ഷം രൂപക്കായിരുന്നു പായൽ വാരൽ പ്രവർത്തിക്കു കരാർ നൽകിയിരുന്നത്. എന്നാൽ 2021ൽ 1.78 കോടി രൂപയ്ക്കാണ് ചളിയും പായലും നീക്കാൻ കരാർ നൽകിയത്. പിന്നീട്, അപര്യാപ്തമാണെന്ന് പറഞ്ഞു കരാർതുക 2.58 കോടിയാക്കി ഉയർത്തി.

പ്രധാനകരാറുകാരൻ മറ്റുപലർക്കും ഉപകരാർ നൽകിയാണ് പണി തീർത്തത്. ഹിറ്റാച്ചി ഉപയോഗിച്ച് തടാകത്തിന്റെ വശങ്ങളിലെ മണ്ണും മരങ്ങളും ഇടിച്ചുനിരത്തി വീണ്ടും തടാകത്തിൽ ചളി കൂട്ടുകയാണ് ചെയ്‌തത്‌ എന്ന് അന്നേ ആരോപണമുണ്ടായിരുന്നു.

ഹിറ്റാച്ചി കൊണ്ടുപോയതുമൂലം തടാകക്കരയിലെ റോഡ് പാടെ തകർന്നിരുന്നു. വർഷങ്ങൾക്കു ശേഷം ഇപ്പോഴാണ് അത് നന്നാക്കാൻ കരാർ നൽകിയത്.

അന്നത്തെ തടാകം മാനേജർക്കും വകുപ്പ് എൻജിനീയർക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. അന്നത്തെ ജീവനക്കാരെ വിളിച്ചു വിശദമായി ചോദ്യം ചെയ്താൽ പല സത്യങ്ങളും പുറത്തുവരും.

ഇത്രയും വലിയ തുക നൽകി ഒരു കിലോമീറ്റർ മാത്രം ചുറ്റളവുള്ള തടാകത്തിലെ ചളിയും പായലും നീക്കംചെയ്തുവെങ്കിലും ഇപ്പോഴും തടാകം മുഴുവൻ പായൽ നിറഞ്ഞിരിക്കുകയാണ്. യന്ത്രങ്ങളിൽ പായൽ കുരുങ്ങി പലപ്പോഴും ബോട്ടുകളുടെ പ്രവർത്തനം നിലച്ചുപോകാറുണ്ട്. പൂക്കോട് തടാകത്തിലെ പായൽ അഴിമതിയിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ₹2.58 Crore Spent, Pookode Lake Still Full of Algae
Next Story