'വഴിക്കണ്ണ്' വാഹനങ്ങൾക്ക് പൊലീസ് അകമ്പടി ഒഴിവാക്കി
text_fieldsസുൽത്താൻ ബത്തേരി: കല്ലൂരിൽനിന്ന് സ്റ്റിക്കർ പതിച്ച വാഹനങ്ങൾക്ക് പൊലീസ് അകമ്പടി പോകുന്നത് ഒഴിവാക്കി. ഇതോടെ, അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ തോന്നുന്നിടത്ത് നിർത്തുന്നത് പതിവായി. ചൊവ്വാഴ്ച ഉച്ചക്ക് മൂലങ്കാവിൽ കാർ യാത്രികരെ ഓട്ടോ തൊഴിലാളികൾ വിരട്ടിയോടിച്ചു.
സ്റ്റിക്കർ പതിച്ച വെള്ളക്കാറിലെത്തിയവർ മൂലങ്കാവ് ബേബി സ്റ്റോറിലാണ് കയറാൻ ശ്രമിച്ചത്. സാധനങ്ങൾക്ക് ഓർഡർ കൊടുത്ത് കാത്തു നിൽക്കുമ്പോൾ ഓട്ടോ തൊഴിലാളികൾ ഇവരെ വളഞ്ഞു. ഇതോടെ കാർ യാത്രികർ സ്ഥലംവിട്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂലങ്കാവിൽ ഇത്തരം സംഭവം ആവർത്തിക്കുന്നുണ്ട്.
കർണ്ണാടക, തമിഴ്നാട് അതിർത്തി കടന്നുവരുന്ന വാഹനങ്ങൾക്കാണ് കല്ലൂരിലെ കോവിഡ് ഫെസിലിറ്റേഷൻ സെൻററിൽനിന്ന് 'വഴിക്കണ്ണ്' സ്റ്റിക്കർ പതിക്കുന്നത്. ഈ സ്റ്റിക്കർ പതിച്ച വാഹനങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതു വരെ മറ്റൊരിടത്തും നിർത്താൻ പാടില്ല. എന്നാൽ, സ്റ്റിക്കർ പതിച്ച വാഹനങ്ങൾ വിവിധയിടങ്ങളിൽ നിർത്തുന്നത് പതിവായതോടെയാണ് ഒരുമാസം മുമ്പ് കല്ലൂരിൽനിന്നും കോൺവോയി അടിസ്ഥാനത്തിൽ പൊലീസ് അകമ്പടി ഏർപ്പെടുത്തിയത്. ഇതോടെ, നിർത്തുന്ന വാഹനങ്ങളെ കൈയോടെ പിടികൂടാനാകുമായിരുന്നു. ഏതാനും ദിവസങ്ങൾക്കുശേഷം പൊലീസ് നിരീക്ഷണത്തിൽനിന്നു പിന്മാറി. ഇതോടെ സ്റ്റിക്കർ പതിച്ച വാഹനങ്ങളിലെത്തുന്നവർ കടകളിലും മറ്റും കയറുന്നത് പതിവായി.
തമിഴ്നാട്ടിൽനിന്ന് പ്രധാനപ്പെട്ട നാല് ചെക്ക്പോസ്റ്റുകളാണ് കേരള അതിർത്തിയിലുള്ളത്. ഈ ചെക്ക് പോസ്റ്റ് കടക്കുന്നവർക്കും കല്ലൂരിലെ കോവിഡ് ഫെസിലിറ്റേഷൻ സെൻററിൽ എത്തണം. അതിനുശേഷം വീടുകളിലെത്തി ക്വറൻറീനിൽ കഴിഞ്ഞതിനുശേഷമേ പുറത്തിറങ്ങാനാവൂ. നൂറ് കണക്കിന് വാഹനങ്ങൾ ദിവസവും അതിർത്തി കടന്ന് എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

