മുഖ്യമന്ത്രി അറിയാൻ; പരിഗണിക്കണം, വയനാടിന്റെ അടിസ്ഥാന ആവശ്യങ്ങൾ
text_fieldsകൽപറ്റ: രണ്ടാം എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റ ശേഷം ആദ്യമായി ഞായറാഴ്ച ജില്ലയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ നിരത്താൻ വയനാട്ടുകാർക്ക് നിരവധി ആവശ്യങ്ങളുണ്ട്.
ജില്ലയിലെ ആരോഗ്യമേഖലയിലെ അപര്യാപ്തതകൾ, വന്യമൃഗശല്യം, തോട്ടം മേഖലയിലെ പ്രശ്നങ്ങൾ, വയനാട് ചുരം വികസനം, ചുരം ബദൽപാതകൾ, രാത്രിയാത്ര നിരോധനം, റെയിൽ പാതകൾ, പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് പരിഹാരം, മികച്ച ചികിത്സ സൗകര്യം ഉറപ്പാക്കുന്ന സർക്കാർ മെഡിക്കൽ കോളജ്, ഉന്നത വിദ്യാഭ്യാസം, ആദിവാസികളുടെ സമഗ്ര വികസനം തുടങ്ങി കാലങ്ങളായി ജില്ല നേരിടുന്ന നിരവധി അടിസ്ഥാന പ്രശ്നങ്ങളിൽ ഒരു മാറ്റവുമുണ്ടായിട്ടില്ല.
ഏതൊരു പ്രശ്നമുണ്ടായാലും അത് രാഷ്ട്രീയവത്കരിച്ച് അതിനെ ലഘൂകരീക്കുന്നതിനപ്പുറം ജില്ലയിലെ ജനങ്ങൾക്ക് അനുകൂലമാകുന്ന രീതിയിൽ സർക്കാർതലത്തിൽ വേണ്ടത്ര പരിഗണന വയനാടിനും ഇവിടുത്തെ സാധാരണക്കാരായ ജനവിഭാഗത്തിനും നൽകണമെന്നതാണ് മുഖ്യമന്ത്രിയോട് ജനങ്ങൾക്ക് പറയാനുള്ളത്.
ശ്വാസംമുട്ടുന്ന ചുരം; ബദൽ പാതകൾ യാഥാർഥ്യമാകുമോ?
വയനാട് ചുരം ഗതാഗതക്കുരുക്കിനാൽ ശ്വാസംമുട്ടുന്ന കാഴ്ചകൾക്ക് ഇന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല. ചുരത്തിൽ ഏപ്രിൽ അഞ്ചു മുതൽ വലിയ ചരക്ക് ലോറികൾക്കുൾപ്പെടെ നിയന്ത്രണമേർപ്പെടുത്തി കോഴിക്കോട് ജില്ല ഭരണകൂടം ഇപ്പോൾ നടപടി സ്വീകരിച്ചത് ആശ്വാസകരമാണെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ വയനാട് ചുരത്തിലെ കുരുക്കിന് പരിഹാരം കാണേണ്ടതുണ്ട്. ജില്ല ആശുപത്രിയെ മെഡിക്കല്‍ കോളജായി ഉയര്‍ത്തി പ്രഖ്യാപനം നടത്തിയെങ്കിലും അടിയന്തരഘട്ടങ്ങളില്‍ പോലും വിദഗ്ധ ചികിത്സക്കായി ചുരമിറങ്ങുന്ന ആംബുലന്‍സുകളുടെ എണ്ണത്തില്‍ ഇപ്പോഴും കുറവൊന്നുമില്ല.
ചുരത്തിലെ ഗാതഗതക്കുരുക്കും താണ്ടിയുള്ള ഈ യാത്രകളില്‍ പൊലിയുന്ന ജീവിതങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ് ഭരണകൂടം. നിര്‍ദിഷ്ട ചുരം ബദല്‍പാതകള്‍ പതിറ്റാണ്ടുകാളായി ചുവപ്പുനാടയില്‍ നിന്ന് മോചനമില്ലാതെ കടലാസില്‍ തുടരുകയാണ്.
ചുരത്തിലെ വീതികൂട്ടാൻ ബാക്കിയുള്ള വളവുകൾ വികസിപ്പിക്കുന്നതിന് നേരത്തെ തന്നെ വനഭൂമി ലഭിച്ചിട്ടുണ്ടും അതിനുള്ള തുടർ നടപടിയുണ്ടായിട്ടില്ല.
അടിയന്തരമായി ചുരത്തിലെ വളവുകൾ വീതികൂട്ടിക്കൊണ്ട് താൽക്കാലികമായെങ്കിലും ചുരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരം കാണാനാകും. അതോടൊപ്പം പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ പാത, അടിവാരം-ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബദൽ പാത തുടങ്ങിയവയുടെ കാര്യത്തിലും വയനാട് ചുരം തുരങ്കപാതയുടെ കാര്യത്തിലും തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
ജീവനുകളാണ്, രക്ഷിക്കണം...
ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ മാനന്തവാടി വയനാട് ഗവ. മെഡിക്കൽ കോളജിലെ കാത്ത് ലാബിന്റെയും പുതിയ മൾട്ടി പർപസ് സ്പെഷാലിറ്റി ബ്ലോക്കിന്റെയും ഉദ്ഘാടനത്തിനും വന സൗഹൃദ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനുമാണ് ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെത്തുന്നത്. മാനന്തവാടി ജില്ല ആശുപത്രിയായിരുന്നപ്പോൾ നിർമാണം തുടങ്ങിയ മൾട്ടി പർപസ് കെട്ടിടം തുറന്നുപ്രവർത്തനം ആരംഭിക്കുന്നതോടെ ഇപ്പോൾ മെഡിക്കൽ കോളജായി ഉയർത്തിയ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ലഭിക്കുമെന്നത് ആശ്വാസകരമാണെങ്കിലും മെഡിക്കൽ കോളജിന്റെ പ്രവർത്തനവും അടിയന്തര ചികിത്സ ഉൾപ്പെടെയുള്ള കാര്യത്തിലും തുടർനടപടികൾ വേഗത്തിലാക്കേണ്ടതുണ്ട്. മാനന്തവാടിയിലാണോ അതോ ജില്ല അതിർത്തിയായ ബോയ്സ് ടൗണിലാണോ മെഡിക്കൽ കോളജ് വരുകയെന്നതിന് ഇപ്പോഴും വ്യക്തതയില്ല. ജില്ല അതിർത്തിയിൽ മെഡിക്കൽ കോളജ് കാമ്പസ് തുടങ്ങുകയും പിന്നീട് ആശുപത്രി ഉൾപ്പെടെ പൂർണമായും അങ്ങോട്ട് മാറ്റുമെന്നുമാണ് അധികൃതർ പറയുന്നത്. അപ്പോഴും ജില്ലയിലെ മുഴുവൻ ആളുകൾക്കും ഉപകാരപ്പെടുന്ന സ്ഥലമാണോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉൾപ്പെടെയുള്ള ഭരണാധികാരികൾ മറുപടി പറഞ്ഞേതീരൂ.
മാനന്തവാടി ജില്ല ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയെങ്കിലും അവിടെ ഇപ്പോഴും മെച്ചപ്പെട്ട ചികിത്സ സൗകര്യമൊരുക്കാൻ അധികൃതർക്കായിട്ടില്ല. ആറുമാസം പ്രായമുള്ള ആദിവാസി കുഞ്ഞ് മതിയായ ചികിത്സ ലഭിക്കാതെ മരിച്ച സംഭവവും അടുത്തിടെയുണ്ടായി. ഇപ്പോഴും കോഴിക്കോട്ടേക്ക് ആംബുലൻസിൽ പോകുന്നതിനിടെ ജീവൻ പൊലിയുന്നവരുടെ എണ്ണത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല. ഇവിടെനിന്ന് ജീവനെങ്കിലും നിലനിർത്താനുള്ള അടിയന്തര ചികിത്സ സൗകര്യം ഒരുക്കേണ്ടതുണ്ട്. പുതിയ കെട്ടിടം വരുന്നതോടെ അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളുടെ ജീവൻ ഉൾപ്പെടെ രക്ഷിക്കാൻ കഴിയുന്ന രീതിയിലുള്ള സൗകര്യങ്ങളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കിയാലേ കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള റഫറൽ യൂനിറ്റെന്ന ദുഷ്പേര് വയനാട് മെഡിക്കൽ കോളജിന് മാറ്റിയെടുക്കാനാകൂ. കൽപറ്റ ജനറൽ ആശുപത്രി, സുൽത്താൻ ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രികൾ തുടങ്ങിയവയുടെ സൗകര്യങ്ങളും ജീവനക്കാരുടെ എണ്ണവും ഉൾപ്പെടെ വർധിപ്പിച്ച് മികച്ച ചികിത്സ സൗകര്യം ഏർപ്പെടുത്തണം. കൽപറ്റ ജനറൽ ആശുപത്രിയിൽ ട്രോമ കെയർ യൂനിറ്റ് തുടങ്ങിയാൽ വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവർക്കുൾപ്പെടെ വേഗത്തിൽ ചികിത്സ ലഭ്യമാക്കാനാകും.
കാട്ടുപന്നി, കാട്ടാന, കടുവ, പുലി ഒടുവിൽ കരടിയും
വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം വേണം; പരിസ്ഥിതി ലോല മേഖലയിലെ ആശങ്കയും പരിഹരിക്കണം
കാട്ടാന, കടുവ, പുലി തുടങ്ങിയ വന്യമൃഗങ്ങൾ ജില്ലയിലെ എവിടെ വേണമെങ്കിലും ആക്രമണം നടത്തുന്നതരത്തിലാണ് ഇപ്പോഴത്തെ അവസ്ഥ. കുരങ്ങുശല്യം ഇപ്പോൾ എല്ലായിടത്തുമുണ്ട്. അതിനും പരിഹാരം അകലെയാണ്. ഇത്തരം ഭീഷണികൾക്ക് പുറമെയാണിപ്പോൽ കരടിയുടെ രംഗപ്രവേശനം. ഇതോടൊപ്പം ജില്ല അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് കാട്ടുപന്നികളുടെ ആക്രമണം. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ഇരുചക്രവാഹന യാത്രക്കാരും കർഷകരും ഉൾപ്പെടെയാണ് കാട്ടുപന്നികളുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സ തേടിയത്. മേപ്പാടി നെടുങ്കരണയിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് നാലു വയസ്സുകാരന് ദാരുണാന്ത്യം സംഭവിച്ചു. ഇതിനുശേഷവും പലയിടങ്ങളിലായി കാട്ടുപന്നി കുറുകെ ചാടി ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായി. കൃഷിയിടത്തിൽനിന്ന് കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകർക്കും പരിക്കേറ്റു. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെയാണ് ജില്ലയിൽ കാട്ടുപന്നികളുടെ ആക്രമണം നടക്കുന്നത്.
പൂതാടി മേഖലയിൽ കരടിയിറങ്ങിയ സംഭവങ്ങളുമുണ്ടായി. പൂതാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കരടി സാന്നിധ്യം വ്യക്തമായതോടെ ജനം കടുത്ത ആശങ്കയിലാണ്. കടുവയെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാതിരുന്ന ജനം ഒരു മാസത്തോളമായി ആശ്വാസത്തിലായിരുന്നു. ഇതിനിടയിലാണ് കരടി എത്തിയിട്ടുള്ളത്. കരടി പാപ്ലശ്ശേരിയിലെത്തി തേൻ കൃഷിക്കൂടുകൾ തകർത്തിരുന്നു. കാട്ടാന ശല്യവും ദിനംപ്രതി രൂക്ഷമായിരിക്കുകയാണ്. വന്യജീവിശല്യത്തിന് ശാശ്വത പരിഹാരമുണ്ടാക്കുന്നതിനായുള്ള കർമപദ്ധതികൾ നടപ്പാക്കി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സർക്കാർ തലത്തിൽ നടപടികളുണ്ടാകേണ്ടതുണ്ട്. വന സൗഹൃദ സദസ്സ് നടത്തിയും മറ്റും വാക്കുകളിലൂടെ ജനങ്ങൾക്ക് ആശ്വാസം പകരുന്നതിനപ്പുറം കൃത്യമായ പരിഹാരമാണാവശ്യം.
രാത്രിയാത്ര നിരോധനത്തിന് എന്നുണ്ടാകും പരിഹാരം?
കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം ഇപ്പോഴും തുടരുകയാണ്. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 15ന് വയനാട് അതിര്‍ത്തിക്ക് സമീപം മൂലഹോളെയിൽ ചരക്കുലോറിയിടിച്ച് കാട്ടാന ചരിഞ്ഞതോടെ യാത്രാനിരോധന സമയം ദീര്‍ഘിപ്പിക്കാനുള്ള നീക്കത്തിലാണ് കര്‍ണാടക.
മറ്റു ദേശീയപാതകളുൾപ്പെടെ വികസിപ്പിക്കുമ്പോഴും കോഴിക്കോട്-കൊല്ലെഗൽ ദേശീയപാതയുടെ വികസന കാര്യത്തിൽ ഇപ്പോഴും തുടർനടപടികൾ വൈകുകയാണ്. മൈസൂരു-ബംഗളൂരു എക്സ്പ്രസ് ഹൈവേയെ സുൽത്താൻ ബത്തേരിയുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു.
അതോടൊപ്പം ദേശീയപാത 766ഉം വികസിപ്പിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇത്തരം പ്രഖ്യാപനങ്ങൾ പ്രതീക്ഷ നൽകുമ്പോഴും രാത്രിയാത്ര നിരോധനം ചോദ്യചിഹ്നമായി പരിഹരിക്കപ്പെടാതെ തുടരുകയാണെന്നതാണ് യാഥാർഥ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

