പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന് തറക്കല്ലിട്ടിട്ട് 31 വർഷം
text_fieldsവെള്ളമുണ്ട: പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന് തറക്കല്ലിട്ടിട്ട് ഇന്നേക്ക് 31വർഷം. 1994 സെപ്റ്റംബർ 24ന് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ പടിഞ്ഞാറത്തറയിലും പൊതുമരാമത്ത് മന്ത്രി പി.കെ.കെ. ബാവ പൂഴിത്തോടും തറക്കില്ലിട്ട റോഡാണ് 31 വർഷമായി ഫയലിലുറങ്ങുന്നത്.
ഇട്ട തറക്കല്ല് പോലും കാണാനില്ലാത്ത വിധം അവഗണിക്കപ്പെട്ട റോഡ് നാടിന്റെ സ്വപ്നമാണ്. റോഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് പടിഞ്ഞാറത്തറയിലും പൂഴിത്തോടും വിവിധ സമരപരിപാടികൾ നടത്താൻ സമരസമിതി തീരുമാനിച്ചു. പടിഞ്ഞാറത്തറ ടൗണിൽ പാതക്കായി സ്ഥാപിച്ച ശിലാഫലകത്തിന് മുന്നിൽ നിന്ന് 32 വിളക്കുകളുമായി സമരക്കാർ പന്തലിലേക്കെത്തും. ബുധനാഴ്ച വൈകീട്ട് 6.30നാണ് പരിപാടി. മുൻകാല പോരാളികളെ ആദരിക്കും.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സമരത്തിന് പിന്തുണ നൽകിയിരിക്കുന്ന ചേംബർ ഓഫ് കൊമേഴ്സ്, റാഫ്, കിഫ തുടങ്ങിയ സംഘടനകളുടെ സംസ്ഥാന, ജില്ല നേതൃത്വങ്ങൾ സംസാരിക്കും. ജനകീയ കർമസമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈകീട്ട് അഞ്ചിന് പൂഴിത്തോട് ഭാഗത്ത് മേലെ അങ്ങാടിയിൽ പ്രതീകാത്മക സമരം ചെമ്പനോട പള്ളി വികാരി ഫാദർ ഡൊമിനിക് മുട്ടത്ത് കുടിയിൽ ഉദ്ഘാടനം ചെയ്യും.
പടിഞ്ഞാറത്തറയിലെ സമരത്തിന് പിന്തുണയുമായി റാഫ്
പടിഞ്ഞാറത്തറ: ജനകീയ ഒപ്പുശേഖരണ മടക്കം പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് നിർമാണത്തിനായുള്ള ആക്ഷൻ കമ്മിറ്റിയുടെ എല്ലാപ്രവർത്തനങ്ങൾക്കും പിന്തുണ നൽകുമെന്ന് റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം ജില്ല ജനറൽ സെക്രട്ടറി സജി മണ്ഡലത്തിൽ അറിയിച്ചു.
പൂഴിത്തോട് റോഡിനായുള്ള വയനാട്ടുകാരുടെ ആവശ്യം മൂന്ന് പതിറ്റാണ്ട് പിന്നിടുകയാണ്. റോഡെന്ന ആവശ്യത്തിന്റെ പ്രസക്തി ജനപ്രതിനിധികൾ അടക്കമുള്ളവർക്ക് ബോധ്യമായിട്ടുണ്ട്. ജില്ലയുടെ അടിസ്ഥാന വികസന രംഗത്ത് റോഡ് മുതൽക്കൂട്ടായി മാറും.
കാർഷിക മേഖലക്കും വ്യവസായ സംരംഭകർക്കുമുപരി ടൂറിസം മേഖലക്കും റോഡ് ഉപകരിക്കും. കോഴിക്കോട് വയനാട് ജില്ലകൾക്കപ്പുറം കർണാടകവുമായി ബന്ധിക്കപ്പെടുന്ന റോഡിന്റെ ആവശ്യവും പ്രസക്തിയും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറവും നിവേദനങ്ങളും മറ്റും നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

