അസൗകര്യങ്ങൾ നിറഞ്ഞ് താളൂർ ടൗൺ; നിർത്താനിടമില്ലാതെ ബസുകൾ
text_fieldsസുൽത്താൻ ബത്തേരി: തമിഴ്നാട്-കേരള അതിർത്തി ടൗണായ താളൂരിൽ അസൗകര്യങ്ങൾ മാത്രം. ബസുകൾ ഏറെയെത്തുന്നുണ്ടെങ്കിലും ഒന്ന് നിർത്താൻ പോലും ഇവിടെ സൗകര്യമില്ല. ഇതിനിടയിൽ യാത്രക്കാർക്കും നെട്ടോട്ടമോടേണ്ട സാഹചര്യമാണ്. സുൽത്താൻ ബത്തേരി, മീനങ്ങാടി ഭാഗങ്ങളിൽ നിന്നുമെത്തുന്ന നിരവധി സ്വകാര്യ ബസുകൾ താളൂരിൽ ഓട്ടം അവസാനിപ്പിക്കുന്നുണ്ട്. ടൗണെന്ന പേരുണ്ടെങ്കിലും ചെറിയ കവലയുടെ വലുപ്പം മാത്രമേ അങ്ങാടിക്കുള്ളൂ.
തമിഴ്നാട്ടിലെ പന്തല്ലൂർ, ചേരമ്പാടി, ഗൂഡല്ലൂർ എന്നിവിടങ്ങളിൽനിന്നും ഇവിടേക്ക് ബസുകളെത്തുന്നുണ്ട്. ആ ബസുകളും കവലയിൽവെച്ച് തിരിച്ച് അവിടെത്തന്നെ നിർത്തിയിടും. ഫലത്തിൽ കവലയിൽനിന്ന് തിരിയാൻ ഇടമില്ലാത്ത അവസ്ഥയാണ്. തമിഴ്നാട് സർക്കാരിന്റെ ഫോറസ്റ്റ്, പൊലീസ് ചെക്ക് പോസ്റ്റുകളാണ് അതിർത്തിയിലെ പാലം കടന്നാൽ ആദ്യം കാണുക. ഇതിനു മുമ്പിൽ 'ബസ് ബേ' എന്ന പേരിൽ തമിഴ്നാട് സർക്കാർ സ്ഥലം ഒരുക്കിയിട്ടുണ്ട്. ഒരേസമയം രണ്ടു ബസ്സുകൾക്ക് മാത്രമേ ഇവിടെ പാർക്ക് ചെയാനുള്ള വിസ്താരമുള്ളു.
ബസ് നിർത്തുന്നതിന് മുന്നോടിയായി മെറ്റൽ പോലും ഇവിടെ നിരത്തിയിട്ടില്ല. ചെളി കളമായി കിടക്കുന്നതിനാൽ ബസ്സുകൾ ഇങ്ങോട്ട് കയറ്റാറുമില്ല. താളൂരിലെ പാലത്തിന് ഇപ്പുറം കേരള അതിർത്തിയിൽ ചെറിയ ഒന്നുരണ്ട് കച്ചവട സ്ഥാപനങ്ങൾ അല്ലാതെ മറ്റൊന്നുമില്ല. സ്ഥലം കണ്ടെത്തി ചെറിയൊരു ബസ് സ്റ്റാൻഡ് കേരളം പണിതാൽ ബസ്സുകൾക്കും ഇവിടെയെത്തുന്ന നൂറുകണക്കിന് യാത്രക്കാർക്കും വലിയ ആശ്വാസമാകുമായിരുന്നു. താളൂർ അതിർത്തി നെന്മേനി പഞ്ചായത്തിലാണ് ഉൾപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

