സമാന്തര സർവിസ്: മലവയൽ–അമ്പുകുത്തി റൂട്ടിൽ സ്വകാര്യബസുകൾ പ്രതിസന്ധിയിൽ
text_fieldsസുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി-മലവയൽ-അമ്പുകുത്തി റോഡുകളിൽ അനധികൃതമായി സമാന്തര സർവിസുകൾ നടത്തുന്നതിനാൽ സ്വകാര്യ ബസുകൾ കടുത്ത പ്രതിസന്ധിയിലായതായി ബസ് ഉടമകൾ. പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ സർവിസ് നിർത്തിവെക്കുന്നതടക്കമുള്ള തീരുമാനങ്ങളിലേക്ക് നീങ്ങുകയാണ് ഉടമകൾ.
സമാന്തര സർവിസുകൾക്കെതിരെ നിരവധി തവണ അധികൃതർക്ക് പരാതികൾ നൽകിയിട്ടും ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് ഉടമകളുടെ ആരോപണം. പരാതികൾ നൽകിയിട്ടും നടപടിയില്ലാത്ത സാഹചര്യം സമാന്തര സർവിസ് നടത്തുന്നവർക്ക് കൂടുതൽ ആത്മവിശ്വാസവും പ്രോത്സാഹനവും നൽകുന്നതായും ബസ് ഉടമകൾ പറയുന്നു.
കഴിഞ്ഞദിവസം സമാന്തര സർവിസ് നടത്തിയ വാഹനം സ്വകാര്യ ബസിന് മുന്നിൽ തടസ്സം സൃഷ്ടിച്ച സംഭവമുണ്ടായിട്ടും കാര്യമായ നടപടികൾ ഉണ്ടായില്ലെന്ന ആരോപണവും ശക്തമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് നിയമാനുസൃതമായി സർവിസ് നടത്തുന്ന ബസ് ഉടമകളിലും ജീവനക്കാരിലും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
സമാന്തര സർവിസുകൾ നിയന്ത്രിച്ചില്ലെങ്കിൽ സ്വകാര്യ ബസ് സർവിസുകൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും ഉടമകൾ ചൂണ്ടിക്കാട്ടുന്നു. സർവിസ് നിർത്തി വെക്കേണ്ട സാഹചര്യമുണ്ടായാൽ സുൽത്താൻ ബത്തേരി, മലവയൽ, അമ്പുകുത്തി എന്നിവിടങ്ങളോടൊപ്പം ഗോവിന്ദമൂല, അമ്പുകുത്തി, എടയ്ക്കൽ ഗ്രാമീണ പ്രദേശങ്ങളിലെ സാധാരണക്കാരായ യാത്രക്കാരാണ് കൂടുതൽ ദുരിതം അനുഭവിക്കേണ്ടിവരിക. സ്വകാര്യബസുകൾ ഓടാതായാൽ പൊതുഗതാഗത സംവിധാനം താളം തെറ്റാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

