പനമരം എരനെല്ലൂരിൽ കാട്ടാനയിറങ്ങി
text_fieldsപനമരം എരനെല്ലൂരിൽ എത്തിയ കാട്ടാന
പനമരം: പനമരത്തിന് സമീപത്തുള്ള ജനവാസ കേന്ദ്രത്തിൽ വീണ്ടും കാട്ടാനകൾ എത്തിയത് ഭീതി പരത്തി. പനമരം എരനെല്ലൂർ മെയിൻ റോഡിൽ തിങ്കളാഴ്ച പുലർച്ചയാണ് രണ്ട് കൊമ്പനാനകൾ എത്തിയത്. ഓട്ടോറിക്ഷക്കാരനാണ് ആനകളെ ആദ്യം കാണുന്നത്. വിവരം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞതോടെ പ്രദേശവാസികൾ ഭയത്തിലായി.
കാട്ടാനകളെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനംവകുപ്പ് അധികൃതർ മേച്ചേരി, നെല്ലിയമ്പം വഴി പാതിരിവനത്തിലേക്ക് തുരത്തുകയായിരുന്നു. തുരുത്തുന്നതിനിടയിൽ നെല്ലിയമ്പത്ത് കോളനിക്ക് സമീപം വെച്ച് ആനകൾ ഇടഞ്ഞു. എന്നാൽ, നാട്ടുകാർ ശബ്ദമുണ്ടാക്കിയതോടെ ആനകൾ പിന്തിരിഞ്ഞു.
വനംവകുപ്പ് ജീവനക്കാരും ആർ.ആർ.ടി സംഘം ഉൾപ്പെടെയുള്ളവരും നാട്ടുകാരും ചേർന്നാണ് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ രണ്ട് ആനകളെയും തുരത്തിയത്. കഴിഞ്ഞവർഷം ഇതേ സമയത്ത് വാടോച്ചാൽ, മെച്ചേരി ഭാഗത്തും കാട്ടാന വന്നിരുന്നു. എരനെല്ലൂർ ഭാഗത്ത് ആദ്യമായാണ് കാട്ടാനകൾ എത്തുന്നത്. രണ്ടുമാസം മുമ്പ് നാട് വിറപ്പിച്ച കടുവയും എരനല്ലൂരിന് സമീപമാണ് എത്തിയത്.
വന്യമൃഗങ്ങൾ ഇറങ്ങുന്നത് പതിവായതോടെ പാതിരി സൗത്ത് സെക്ഷൻ വനത്തിന് സമീപമായ ജനവാസ മേഖലകളായ പുഞ്ചവയൽ, നെല്ലിയമ്പം, കാവടം, മേച്ചേരി, കൂടോത്തുമ്മൽ പ്രദേശങ്ങളിലുള്ളവർ ഭീതിയിലാണ്. അഞ്ചു വർഷങ്ങൾക്കു മുമ്പ് പാതിരി വനത്തിൽ എത്തിയ ഒറ്റക്കൊമ്പൻ ഒരാളുടെ മരണത്തിന് ഇടയാക്കിയിരുന്നു.
വേനൽ കടുത്തതോടെ കാട്ടിൽ ഭക്ഷണവും വെള്ളവും കിട്ടാക്കനി ആയതോടെയാണ് വന്യമൃഗങ്ങൾ ജനവാസ കേന്ദ്രത്തിലേക്ക് ഭക്ഷണം തേടിയെത്തുന്നത്. ഓരോ വർഷം കഴിയുംതോറും ജനവാസ കേന്ദ്രങ്ങൾ തേടി വന്യ മൃഗങ്ങൾ എത്തുന്നത് ആശങ്ക ഇരട്ടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

