പനമരം ബസ് സ്റ്റാൻഡിലെ കാത്തിരിപ്പുകേന്ദ്രം; പ്രതിഷേധത്തെ തുടർന്ന് പ്രവൃത്തി നിർത്തി
text_fieldsപനമരം ബസ് സ്റ്റാൻഡ് കാത്തിരുപ്പുകേന്ദ്രം നിർമാണ പ്രവൃത്തി നിർത്തിയ നിലയിൽ
പനമരം: പനമരം ബസ് സ്റ്റാൻഡിനുള്ളിൽ മറ്റൊരു കാത്തിരുപ്പുകേന്ദ്രം നിർമിക്കുന്നത് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തി. ഏഴുലക്ഷം രൂപ മുടക്കിയാണു പനമരം പഞ്ചായത്ത് കേന്ദ്രം നിർമ്മിക്കുന്നത്. നിലവിൽ വ്യാപാര സമുച്ചയം, കംഫർട്ട് സ്റ്റേഷൻ, പൊതു സ്റ്റേജ്, കൽപറ്റ-മീനങ്ങാടി ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ബസ് കാത്തിരിപ്പു കേന്ദ്രം അടക്കം 35 സെന്റ് സ്ഥലത്താണ് സ്റ്റാൻഡ്.
ഇതിന് പുറമെയാണ് പുതിയത് നിർമിക്കുന്നത്. രണ്ടു തവണ ഇതേസ്ഥലത്ത് മുൻ ഭരണ സമിതി കാലത്ത് ബസ് സ്റ്റോപ്പ് നിർമിച്ചിരുന്നു. ഇവിടെ വൈകീട്ട് സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണെന്ന ആക്ഷേപത്തെ തുടർന്നു പൊളിച്ചു മാറ്റി. അവിടെ തന്നെയാണ് പുതുതായി വീണ്ടും നിർമിക്കുന്നത്.
നിലവിൽ സ്റ്റാൻഡിന് മുൻവശത്ത് മൂന്നുലക്ഷം രൂപ മുടക്കി 2020ലെ ഭരണ സമിതി നിർമിച്ച കാത്തിരുപ്പുകേന്ദ്രമുണ്ട്. ഇതിനു അപാകതകൾ ഉണ്ടെങ്കിലും യാത്രക്കാാർക്ക് ബസ് കാത്തിരിക്കാനും ബസുകൾ സ്റ്റാൻഡിലേക്ക് കയറി ഇറങ്ങാനും ഉപകാരമാണ്. ബസ് തട്ടി മേൽക്കൂര ഒടിയുകയും ഫില്ലറുകൾ ചെരിഞ്ഞുമാണ് കാത്തിരുപ്പുകേന്ദ്രത്തിന്റെ ഇപ്പോഴത്തെ അവസ്ഥ.
ഇതിന് പരിഹാരം കാണാതെ ധൃതിയിൽ വീണ്ടും മറ്റൊരു നിർമാണം തുടങ്ങിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. നാട്ടുകാരുടെയും വ്യാപാരികളുടെയും പ്രതിഷേധത്തെ തുടർന്ന് തൽക്കാലം പ്രവൃത്തി നിർത്തിവെച്ചു.
ശനിയാഴ്ച വൈകീട്ട് നാലിന് പഞ്ചായത്ത് ഹാളിൽ രാഷ്ടീയ പാർട്ടികളുടെയും വിവിധ സാമൂഹിക സംഘടനകളുടെയും പ്രവർത്തകരുടെയും യോഗം വിളിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ, വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിൽ എന്നിവർ മാധ്യമത്തോടു പറഞ്ഞു.