തപാൽ വകുപ്പിന്റെ കണ്ണായ സ്ഥലം അനാഥം
text_fieldsപനമരം ബസ് സ്റ്റാൻഡിനോട് ചേർന്ന് തപാൽ വകുപ്പിന്റെ അനാഥമായി കിടക്കുന്ന സ്ഥലം
പനമരം: ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള തപാൽ വകുപ്പിന്റെ കണ്ണായ സ്ഥലം അനാഥമായി കിടക്കുന്നു. പഴയ നടവയൽ റോഡിനോട് ചേർന്നുള്ള പൊന്നും വില കിട്ടുന്ന 16.5 സെന്റ് സ്ഥലമാണ് അനാഥമായി കിടക്കുന്നത്. 30 വർഷം മുമ്പാണ് പനമരം പോസ്റ്റ് ഓഫിസിനു കെട്ടിടം നിർമിക്കാൻ പരേതനായ ചാലിയാടൻ പോക്കുഹാജിയിൽനിന്ന് സ്ഥലം വിലക്കു വാങ്ങുന്നത്.
പിന്നീട് ഈ രംഗത്ത് സ്വകാര്യവത്കരണം വരികയും നിലവിലെ പോസ്റ്റ് ഓഫിസുകൾ നിർത്തലാക്കുകയും ചെയ്തതോടെയാണ് പനമരം പോസ്റ്റ് ഓഫിസ് കെട്ടിട നിർമാണം പ്രതിസന്ധിയിലായത്. തുടർന്ന് ഈ സ്ഥലം കാടുമുടി മാലിന്യം വലിച്ചെറിയുന്ന ഇടമായി മാറുകയായിരുന്നു. തപ്പാൽ വകുപ്പ് ആരംഭിച്ച കാലം മുതൽ മാനന്തവാടി താലൂക്കിലെ പോസ്റ്റ് ഓഫിസുകൾ തലശ്ശേരി ഡിവിഷന്റെ കീഴിലാണ്. പനമരത്തുനിന്നു കണിയാമ്പറ്റക്കുള്ള ഒരു കത്ത് തലശ്ശേരി ചെന്ന് കോഴിക്കോടെത്തി വേണം കണിയാമ്പറ്റക്കാരന് ലഭിക്കാൻ.
വയനാട്ടിൽ ഒരുപാട് മാറ്റങ്ങൾ വന്നെങ്കിലും തപാൽ വകുപ്പ് പഴയപടി തന്നെയാണ്. വർഷങ്ങളായി വയനാട് ഡിവിഷൻ വേണമെന്ന് മുറവിളി കൂട്ടുന്നുണ്ടെങ്കിലും ഇതുവരെ കേന്ദ്രസർക്കാർ ചെവിക്കൊണ്ടില്ല. പനമരം പോസ്റ്റ് ഓഫിസ് 20000 രൂപയോളം വാടക നൽകി സ്വകാര്യ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വയനാടിന്റെ മധ്യഭാഗമായ പനമരത്തെ സ്ഥലത്ത് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ കെട്ടിടം നിർമിക്കുകയും വയനാട് ഡിവിഷൻ രൂപവത്കരിച്ച് ആസ്ഥാനം പനമരമാക്കണമെന്നാണ് നാട്ടുകാരും ജീവനക്കാരും ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

