തീയതി കഴിഞ്ഞ കീടനാശിനി നൽകിയെന്ന പരാതിയിൽ 400 ദിവസത്തിനുശേഷം നടപടി
text_fieldsപനമരം: നെൽ കർഷകന് തീയതി കഴിഞ്ഞ കീടനാശിനി നൽകിയെന്ന പരാതിയിൽ 400 ദിവസങ്ങൾക്കുശേഷം നടപടി. പനമരം പരത്തനാൽ ട്രേഡേഴ്സിന്റെ കീടനാശിനി ലൈസൻസ് പ്രിൻസിപ്പൽ കൃഷി ഓഫിസർ താൽക്കാലിതമായി റദ്ദുചെയ്തു. പടിഞ്ഞാറത്തറ സ്വദേശിയും യുവ കർഷകനുമായ കെ.സി. അനീഷിന്റെ പരാതിയെ തുടർന്നാണ് നീണ്ട കാലാവധിക്കുശേഷം നടപടിയുണ്ടായത്. 2023 നവംബറിലാണ് നെല്ലിന് ഉപയോഗിക്കാൻ അനീഷ് കീടനാശിനി വാങ്ങിയത്. നെല്ലിൽ അടിച്ച ശേഷം ടിൻ പരിശോധിച്ചപ്പോഴാണ് തീയതിയും വർഷവും മാറിെയത് ശ്രദ്ധിച്ചത്.
ടാറ്റായുടെ കീടനാശിനിയാണ് വിതരണക്കാരൻ തീയതി തിരുത്തി നൽകിയത്. മരുന്നടിച്ചശേഷം പൊട്ടൻ കൊല്ലി പാടശേഖരത്തിലെ അനീഷിന്റെ ഒമ്പത് ഏക്കർ കൃഷി ഉൽപാദനം ഗണ്യമായി കുറഞ്ഞു. തുടർന്ന് കൃഷി ഓഫിസിൽ നൽകിയ പരാതിക്ക് വിചിത്ര മറുപടിയാണ് അനീഷിന് ലഭിച്ചത്. തിയതി കഴിഞ്ഞ മരുന്നാണ് നൽകിയതെന്നും തിയതി തിരുത്തിയത് ഇവിടെ നിന്നും മുമ്പ് കീടനാശിനി വാങ്ങിയ മറ്റൊരു കർഷകനാെണന്നുമായിരുന്നു കൃഷി ഉദ്യോഗസ്ഥരുടെ മറുപടി.
മനോജ് എന്ന കർഷകന് ആദ്യം കീടനാശിനി വിൽപന നടത്തിയിരുന്നെന്നും ഈ വ്യക്തി തീയതി തിരുത്തി ഉൽപന്നം കടയിൽ തിരിച്ചുനൽകി പണം തിരികെ കൈപ്പറ്റിയതായും ഇതാണ് പരാതിക്കാരന് വിറ്റതെന്നും കൃഷി ഉദ്യോഗസ്ഥർ മറുപടി നൽകി. നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയതിനെ തുടർന്ന് കട ഉടമയുടെ സുഹൃത്തുക്കൾ ഭീഷണിപ്പെടുത്തുകയും പരാതി പിൻവലിക്കാൻ ഉന്നത കൃഷി ഓഫിസർമാർ നിരന്തരം സമ്മർദം ചെലുത്തുകയും ചെയ്തിരുന്നതായും അനീഷ് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.