പ്രതിഷേധം ഫലിച്ചു; പനമരം-മാത്തൂർ റോഡ് നവീകരണം തുടങ്ങി
text_fieldsപനമരം: പനമരം-ബീനാച്ചി റോഡിൽ ചളിക്കുളമായ പനമരം ടൗൺ മുതൽ മാത്തൂർ വരെയുള്ള ഭാഗത്തിന്റെ നവീകരണം തുടങ്ങി. ഏറെ മുറവിളിക്ക് ശേഷമാണ് പ്രവൃത്തി കഴിഞ്ഞ ദിവസം തുടങ്ങിയത്. 1.6 കിലോമീറ്റർ ദൂരത്തിൽ റോഡ് കോൺക്രീറ്റ് പണിയാണ് നടക്കുന്നത്. പനമരം മാത്തൂർ ഭാഗത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്നത് ഒഴിവാക്കാൻ രണ്ട് മീറ്ററോളം റോഡ് ഉയർത്തി നിർമിക്കാനായിരുന്നു പി.ഡബ്ല്യു.ഡി തീരുമാനിച്ചത്. അതിന്റെ ഭാഗമായാണ് പനമരം മുതൽ ബീനാച്ചിവരെ വരുന്ന 22 കി.മീറ്റർ റോഡ് പണിക്ക് 54 കോടി രൂപ എസ്റ്റിമേറ്റ് തയാറാക്കിയത്.
തുടർന്ന് 2021ൽ ബീനാച്ചിയിൽ നിന്ന് നിർമാണം ആരംഭിച്ചു. എന്നാൽ പനമരം-മാത്തൂർ ഭാഗത്ത് റോഡ് ഉയർത്തി പണിയുന്നത് പനമരം ടൗൺ വെള്ളത്തിലാവാൻ സാധ്യതയുണ്ടന്ന റിപ്പോർട്ടിനെ തുടർന്നു നിർമാണം നിർത്തിവെക്കുകയായിരുന്നു. ഇതോടെ കരാറുകാരൻ പണികൾ നിർത്തി പ്രവൃത്തിയിൽനിന്ന് സ്വമേധയാ ഒഴിവായി. റോഡ്പണി നിർത്തിവെച്ചത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.
നിലവിലെ റോഡ് അശാസ്ത്രീയമായി ഉയർത്തി നിർമിച്ചാൽ പനമരം ടൗൺ വെള്ളത്തിലാകുമെന്ന വാർത്ത ‘മാധ്യമം’ നേരത്തേ നൽകിയിരുന്നു. ഇത്തരം ആവശ്യങ്ങളെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് വീണ്ടും എസ്റ്റിമേറ്റ് തയാറാക്കിയത്. നിലവിൽ, പനമരം ടൗൺ മുതൽ മാത്തൂർ വരെ വരുന്ന 1.600 മീറ്റർ റോഡ് ഒമ്പത് മീറ്റർ വീതിയിലും 40 സെന്റിമീറ്റർ ഘനത്തിലും നിർമിക്കും. ആറ് കലുങ്കിനു പുറമേ ഒമ്പത് കലുങ്കുകൾകൂടി പണിയും.
നടവയൽ ആലിൻകൻതാഴെ മുതൽ പനമരം ടൗൺ വരെ അഞ്ചു കിലോമീറ്റർ ദൂരത്തിനു 34 കോടി രൂപയുടേതാണ് പുതിയ എസ്റ്റിമേറ്റ്. ഇതോടെ പനമരം-ബീനാച്ചി റോഡിനു 54 കോടിയിൽ നിന്ന് 83 കോടി രൂപയായി എസ്റ്റിമേറ്റ് ഉയരുമെന്നും എൻജിനീയർ പറഞ്ഞു. നേരത്തെയുളള കരാറുകാരൻ പിന്മാറിയത് കാരണം മറ്റൊരു കരാറുകാരനാണ് പണി ഏറ്റെടുത്തത്.
മഴക്കാലം ആരംഭിച്ചതോടെ മാത്തൂർ ഭാഗത്ത് റോഡ് ചളിക്കുളമായത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. മഴ കുറഞ്ഞതോടെയാണ് വീണ്ടും മാത്തൂർ ഭാഗത്തുനിന്ന് റോഡ് പണി ആരംഭിച്ചത്. 12 മീറ്റർ വീതിയുള്ള റോഡിൽ ഒമ്പത് മീറ്റർ വീതിയിൽ ഒന്നര അടി കനത്തിലുള്ള കോൺക്രീറ്റ് ചെയ്യുന്ന പണിയാണ് നിലവിൽ പുരോഗമിക്കുന്നത്. ബാക്കിവരുന്ന മൂന്ന് മീറ്റർ ഭാഗത്ത് ഒന്നര മീറ്ററിൽ രണ്ടു വശങ്ങളിലും കാൽനടയാത്രക്ക് സൗകര്യം ചെയ്യും. ജില്ലയിൽ ആദ്യമായിട്ടായിരിക്കും ഇത്രയും ദൂരത്തിൽ കമ്പികെട്ടി കോൺക്രീറ്റ് ചെയ്തു റോഡ് നിർമിക്കുന്നത്. ദേശീയപാതയിൽ മാത്രമേ ഇത്രയും ദൂരത്തിൽ കോൺക്രീറ്റ് ചെയ്തുവരാറുള്ളൂവെന്ന് കരാറുകാരനും പറയുന്നു. ഇത്തരം പണികൾക്കുള്ള യന്ത്രങ്ങൾ വാടകക്ക് കിട്ടാനില്ലാത്തതുകൊണ്ടും മാത്തൂർ ഭാഗത്തിൽ ചതുപ്പ് ആയതിനാലുമാണ് പണി തുടങ്ങാൻ വൈകിയതെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. പുതിയ യന്ത്രങ്ങൾ വരുത്തിയാണ് നിലവിൽ പ്രവർത്തനം തുടങ്ങിയത്. കോൺക്രീറ്റ് ചെയ്തു 28 ദിവസം കഴിയാതെ വാഹനങ്ങൾ ഇതിലൂടെ ഓടിക്കാൻ കഴിയില്ല. അതിനാൽ നിർമാണം കഴിയാൻ മാസങ്ങൾ എടുക്കും.
ഗതാഗത നിയന്ത്രണം
കൽപറ്റ: കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട ബീനാച്ചി-പനമരം റോഡിലെ മാത്തൂർ പ്രദേശത്തു റോഡ് കോൺക്രീറ്റിങ് പ്രവൃത്തി പുരോഗമിക്കുന്നതിനാൽ നീർവാരം റോഡ് ജങ്ഷൻ മുതൽ നെല്ലിയമ്പം റോഡ് ജങ്ഷൻ വരെയുള്ള ഭാഗത്ത് വാഹനഗതാഗതം പൂർണമായും നിയന്ത്രിച്ചു. ബത്തേരിയിൽനിന്ന് പനമരം ഭാഗത്തേക്കും തിരിച്ചും സഞ്ചരിക്കുന്ന വാഹനങ്ങൾ നെല്ലിയമ്പം റോഡ് വഴി പോകേണ്ടതാണെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

