വയലുകളിലെ നെൽകൃഷി; അപൂർവമായി മാറുന്നു
text_fieldsകുറ്റിമൂച്ചിക്കു സമീപത്തെ പാടത്ത് നെല്ലു കൊയ്ത്ശേഷം വൈക്കോൽ റൗണ്ടുകളായി വെച്ച നിലയിൽ
ഗൂഡല്ലൂർ: പാടശേഖരങ്ങളെല്ലാം വികസന പ്രവർത്തനങ്ങൾക്കും മറ്റു കൃഷിക്കും വഴി മാറിയതോടെ നെൽകൃഷി അപൂർവ കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കിലെ ഹെക്ടർ കണക്കിന് കാണപ്പെട്ടിരുന്ന നെൽകൃഷിയിപ്പോൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. വന്യമൃഗ ശല്യവും കാലാവസ്ഥ വ്യതിയാനവും ചെലവ് വർധനവുമാണ് കർഷകരെ നെൽകൃഷിയിൽ നിന്ന് മാറ്റി നിർത്തുന്നത്.
പരമ്പരാഗതമായി നെൽകൃഷി ചെയ്തുവരുന്ന ചെട്ടി സമുദായക്കാരിൽ ചുരുക്കം പേരാണ് വയലുകൾ നിലനിർത്തി ഇന്ന് കൃഷിയിറക്കുന്നത്. ക്വിൻറ്റലിന് 2700 രൂപ വിലയുണ്ടെങ്കിലും നെൽകൃഷി പൊതുവേ നഷ്ടമാണെന്നാണ് കർഷകൻ കൂടിയായ ശ്രീമുധുര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ആർ. സുനിലിന്റെ അഭിപ്രായം. നെൽകൃഷി സംരക്ഷിക്കപ്പെടാനും കൃഷിനാശമുണ്ടായാൽ അർഹമായ നാശനഷ്ടം നൽകാൻ സർക്കാറുകൾ തയാറാകാത്തതുമാണ് കർഷകരെ നെൽകൃഷിയിൽ നിന്നകറ്റുന്നത്. കാട്ടുപന്നികൾക്കു പുറമേ കാട്ടാനകൾ വരെ നെൽകൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.
സംരക്ഷിത വനത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരപരിധിയിൽ വരുന്ന കൃഷിയിടങ്ങളിൽ വരുന്ന കാട്ടുപന്നികളെ കൊല്ലാമെന്ന സർക്കാർ ഉത്തരവ് സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും പന്നിയെ കൊന്നാലുണ്ടാവുന്ന പ്രശ്നങ്ങൾ ഏറെയാണെന്നും കർഷകർ അഭിപ്രായപ്പെടുന്നു. എസ്റ്റേറ്റ്കളുടെ വയലുകളിലെല്ലാം തൊഴിലാളികൾ മുമ്പ് നെൽകൃഷി ഇറക്കിയിരുന്നു. ഇവിടെ കൃഷിയിറക്കുന്നത് വനപാലകർ തടഞ്ഞതോടെ വയലുകളെല്ലാം ഉറവകൾ വറ്റിയ നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

