വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
text_fieldsപുൽപള്ളി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പുൽപള്ളി കാപ്പിസെറ്റ് ദേവർഗദ്ദ ഉന്നതിയിലെ മാരനെയാണ് (കൂമൻ -65) വനാതിർത്തിയിൽ വിറക് ശേഖരിക്കുന്നതിനിടെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. സഹോദരി കുള്ളിക്കൊപ്പം വിറക് ശേഖരിക്കാൻ പോയതായിരുന്നു.
പുഴയോരത്തുനിന്ന് മാരനെ കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു. മുഖമാകെ കടിച്ചെടുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടിൽ സമീപത്തുനിന്ന് മാരന്റെ കരച്ചിൽ കേട്ടതായും നോക്കിയപ്പോൾ പരിസരത്ത് രക്തത്തുള്ളികൾ കാണുകയായിരുന്നെന്നും കുള്ളി പറഞ്ഞു. ഉടനെ ഉന്നതിയിലെത്തി മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. വനപാലകരെ അറിയിച്ചതിനെത്തുടർന്ന് അവരും തിരച്ചിൽ നടത്തി. ഒടുവിൽ മുക്കാൽ കിലോമീറ്റർ അകലെ വനത്തിനുള്ളിലാണ് മൃതദേഹം കണ്ടത്.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നത് നാട്ടുകാർ തടഞ്ഞു. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം, ആശ്രിതന് ജോലി, കടുവയെ കൂടുവെച്ച് പിടികൂടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. വൈകീട്ട് അഞ്ചുമണിയോടെയാണ് പോസ്റ്റുമോർട്ടത്തിനായി മൃതദേഹം സുൽത്താൻ ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
വണ്ടിക്കടവ് ഫോറസ്റ്റ് ഓഫിസ് പരിസരത്ത് മണിക്കൂറുകളോളം നാട്ടുകാർ തടിച്ചുകൂടി. വൈകീട്ട് കുടുംബാംഗങ്ങളും ജനപ്രതിനിധികളുമായി വനപാലകർ ചർച്ച നടത്തി. ചർച്ചയിൽ, 10 ലക്ഷം രൂപ നൽകുമെന്ന് ഉറപ്പ് നൽകി. ആദ്യ ഘട്ടമായി ആറ് ലക്ഷം രൂപ ഉടൻ കൈമാറും. വനംവകുപ്പിൽ മകന് ജോലി നൽകുമെന്നും ഉറപ്പുനൽകി. കൂട് സ്ഥാപിക്കാനും തീരുമാനിച്ചു. വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, സുൽത്താൻ ബത്തേരി തഹസിൽദാർ പ്രശാന്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച.
മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഞായറാഴ്ച രാവിലെ ഉന്നതിയിലെത്തിക്കും. പരേതയായ ബൊമ്മിയാണ് മാരന്റെ ഭാര്യ. മക്കൾ: ഗീത, രവി. കടുവയെ കണ്ടെത്തുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും വനംവകുപ്പ് നടപടികള്‍ ആരംഭിച്ചതായി വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

