ദുരിതപർവം താണ്ടണം കൽപറ്റ സബ് രജിസ്ട്രാർ ഓഫിസിലെത്താൻ
text_fieldsഎസ്.പി ഓഫിസിനടുത്തുള്ള കെട്ടിടത്തിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കൽപറ്റയിലെ സബ് രജിസ്ട്രാറുടെ കാര്യാലയം
കൽപറ്റ: വയോധികരും സ്ത്രീകളുമടക്കം നിരവധി പേർ ദിനേന ആശ്രയിക്കുന്ന കൽപറ്റയിലെ സബ് രജിസ്ട്രാറുടെ കാര്യാലയത്തിൽ എത്തിപ്പെടണമെങ്കിൽ ദുരിതപർവം താണ്ടണം. ജില്ല പൊലീസ് മേധാവിയുടെ ഓഫിസിനടുത്തുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് സബ് രജിസ്ട്രാർ ഓഫിസ് ഉള്ളത്. ആധാരം രജിസ്റ്റർ ചെയ്യാനും കുടികടം പകർത്താനുമായി നിരവധി പേർ കയറിയിറങ്ങുന്ന ഓഫിസാണിത്. പ്രധാന റോഡിൽനിന്ന് വലിയകയറ്റം കയറിയാലെ ഈ സ്ഥലത്തെത്താനാകു.
എത്തിയാൽ തന്നെ രണ്ടാം നിലയിലേക്ക് ഇടുങ്ങിയ കോണിപ്പടികൾ കയറണം. ടാക്സിയിലോ സ്വകാര്യ വാഹനത്തിലോ ഇവിടെ എത്തിപ്പെട്ടാലും രണ്ടാം നിലയിലേക്ക് കയറാൻ വയോധികരും സ്ത്രീകളുമടക്കം ഏറെ കഷ്ടപ്പെടുകയാണ്. ഏതുവിധേനയെങ്കിലും രണ്ടാം നിലയിൽ എത്തിയാൽതന്നെ നിന്നുതിരിയാൻ കഴിയാത്ത ഇടുങ്ങിയ രൂപത്തിലാണ് ഓഫിസും വരാന്തയുമുള്ളത്. കെട്ടിടത്തിൽ ഇരിക്കാനാവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടില്ല.
ഇടനാഴി പോലെയുള്ള വരാന്തയിൽ മണിക്കൂറുകൾ ഞെങ്ങിഞെരുങ്ങി നിന്നാണ് ആവശ്യങ്ങൾ നിറവേറ്റാനാകുന്നത്. കുടിവെള്ളം പോലും ഇവിടെയില്ല. രജിസ്ട്രാർ ഓഫിസ് ജീവനക്കാരും ദുരിതത്തിലാണ്. മുമ്പ് നഗരത്തിൽ മറ്റൊരു സ്ഥലത്തായിരുന്നു ഓഫിസ്. ഇങ്ങോട്ടേക്ക് ഓഫിസ് മാറ്റിയിട്ട് വർഷങ്ങളായി. മണിയങ്കോട് ഭാഗത്ത് സ്വന്തമായി സ്ഥലമുണ്ടെന്നും അവിടെ ഓഫിസ് സ്ഥാപിക്കാനുള്ള പദ്ധതിയുണ്ടെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

