നാടിന്റെ വേദനയായി ഷഫീഖിന്റെ വിയോഗം; നഷ്ടമായത് ചൂരൽമല ദുരന്തത്തിലുൾപ്പെടെ നിരവധിപേർക്ക് കൈതാങ്ങായ സാമൂഹിക പ്രവർത്തകൻ
text_fieldsഷഫീഖ്
കാവുംമന്ദം: സാമൂഹിക സേവനമേഖലയിൽ സജീവമായിരുന്ന കാവുംമന്ദം തോട്ടുംപുറം ഷഫീഖിന്റെ വിയോഗം നാടിന്റെ വേദനയായി. തോട്ടുംപുറത്ത് നസീർ-സൽമത്ത് ദമ്പതികളുടെ മകനാണ് 34 കാരനായ ഷഫീഖ്. കുളിക്കുന്നതിനിടെ കാൽ വഴുതി വീണ് നട്ടെല്ലു തകർന്ന് അത്യാസന്ന നിലയിൽ അഞ്ചുമാസമായി ചികിത്സയിലായിരുന്നു. ചൂരൽമല ദുരന്തത്തിലടക്കം രക്ഷാപ്രവർത്തനങ്ങളിലും നാട്ടിലെ സന്നദ്ധ പ്രവർത്തന രംഗങ്ങളിലും പൊതുകാര്യങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ശനിയാഴ്ചയായിരുന്നു അന്ത്യം.
ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ്, കോഴിക്കോട് മേയ്ത്ര എന്നീ ആശുപത്രികളിൽ വിദഗ്ധ ചികിത്സ ലഭിച്ചുവെങ്കിലും ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനായില്ല. ചികിത്സ ചെലവുകൾക്കും മറ്റും കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ ജനകീയ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. പ്രദേശവാസികൾ ചേർന്ന് രൂപവത്കരിച്ച കമ്മിറ്റി അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ രക്ഷാധികാരിയായും തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ചെയർമാനായും പി.കെ. മുസ്തഫ കൺവീനറായും എബിൻ മുട്ടപ്പള്ളി ട്രഷററായുമാണ് പ്രവർത്തിച്ചത്. വീഴ്ചയിൽ ഗുരുതര ക്ഷതമുണ്ടായതിനാൽ മണിക്കൂറുകൾ നീണ്ട ന്യൂറോ സർജറി ചികിത്സ നടത്തിയിരുന്നു. എന്നാൽ, ഷഫീഖിന്റെ കാലുകളും കൈകളും തളർന്നു. ശ്വാസമെടുക്കാൻ ആവശ്യമായ പേശികൾപോലും പ്രവർത്തിക്കാതെയായി.
ജീവിതത്തിലേക്ക് തിരിച്ചുവരാനാകാത്ത ട്രോമാറ്റിക് ക്വാഡ്രിപ്ലീജിയ എന്ന ഗുരുതരാവസ്ഥയിലായി. വെന്റിലേറ്റർ മാറ്റാൻ സാധിക്കാത്ത അവസ്ഥയിലുമായിരുന്നു. സാധാരണഗതിയിൽ, ഒരു മാസത്തിൽ കൂടുതൽ വെന്റിലേറ്ററിലായാൽ രോഗിയുടെ ആരോഗ്യം ക്ഷയിക്കുകയും ന്യൂമോണിയ, സെപ്സിസ് തുടങ്ങിയ രോഗങ്ങളുണ്ടാകുകയും ചെയ്യും. വെന്റിലേറ്റർ മാറ്റാൻ സാധിക്കില്ലെന്ന് മെഡിക്കൽ ടീം തീരുമാനമെടുത്തപ്പോൾ, ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് മെഡിക്കൽ ടീം ഷഫീഖിനെ വെന്റിലേറ്ററോടെ റൂമിലേക്ക് മാറ്റി. ഷഫീഖിനുവേണ്ടി ഒരു സ്പെഷൽ ടീം തന്നെ ആശുപത്രിയിൽ പ്രവർത്തിച്ചു. ഭാര്യ ഫസ് ല, നാലു വയസ്സുകാരിയായ എമീൻ കെൻസ റുവ, ഒരു വയസ്സുകാരനായ ഇൻസമാമുൽ ഹഖ് എന്നിവർ അടങ്ങുന്നതാണ് ഷഫീക്കിന്റെ കുടുംബം. വൻജനാവലിയുടെ സാന്നിധ്യത്തിൽ ശനിയാഴ്ചയായിരുന്നു ഖബറടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

