വെള്ളമല്ല; ഈ കനാലിൽ ഒഴുകിപ്പോയത് 27 ലക്ഷം
text_fieldsകന്നാരം പുഴയിലെ വെള്ളം സമീപത്തെ പാടശേഖരങ്ങളിലേക്ക് എത്തിക്കാനായി നിർമിച്ച കനാൽ
പുൽപള്ളി: കന്നാരം പുഴയിലെ കനാൽ നിർമാണത്തിന് ചെലവിട്ടത് 27 ലക്ഷം രൂപ. എന്നാൽ ഒരുതുള്ളി വെള്ളം പോലും ഈ കനാലിലൂടെ ഒഴികിയില്ല. ലക്ഷങ്ങൾ പാഴായത് മിച്ചം. ശാസ്ത്രീയമല്ലാത്ത രീതിയിലാണ് നിർമാണം നടത്തിയതെന്നാണ് പരാതി. കനാൽ നിർമാണം പൂർത്തിയായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഒരുതുള്ളി വെള്ളംപോലും ഇതിലൂടെ ഒഴുക്കാൻ കഴിഞ്ഞിട്ടില്ല.
കന്നാരം പുഴയിൽനിന്നുള്ള വെള്ളം കൃഷി ആവശ്യങ്ങൾക്കായി സമീപത്തെ പാടശേഖരങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്തത്. എന്നാൽ, അവസാനഘട്ട പണികളിലെ അശാസ്ത്രീയത മൂലം പദ്ധതി പ്രവർത്തനം നിലച്ചിരിക്കുകയാണ്. മൂന്ന് റീച്ചുകളിലായി 200 മീറ്ററിലധികം ദൂരത്തിലാണ് കലുങ്ക് നിർമിച്ചിട്ടുള്ളത്. മഴക്കാലത്ത് പെയ്യുന്ന വെള്ളം കൃഷിയിടത്തിലേക്ക് എത്തുന്നതിന് പകരം തിരിച്ച് കന്നാരം പുഴയിലേക്ക് തന്നെ ഒഴുകുന്ന വിധത്തിലാണ് നിർമാണം. വെള്ളം ഒഴുകേണ്ട ഭാഗത്ത് ഉയർച്ചയിലാണ് കെട്ടിയിരിക്കുന്നത്, അതിനാൽ വെള്ളം ഒഴുകുന്നില്ല.
നിർമാണവുമായി ബന്ധപ്പെട്ട് മറ്റ് പരാതികളുമുണ്ട്. ഇവിടെനിന്ന് ഒഴിവാക്കിയ കോൺക്രീറ്റ് അവശിഷ്ടങ്ങളും കല്ലുകളും വീടുകൾക്ക് സമീപം കൂട്ടിയിട്ടിരിക്കുകയാണ്. ഇവ നീക്കംചെയ്യാൻ നടപടി സ്വീകരിച്ചിട്ടില്ല. ലക്ഷങ്ങൾ പാഴാക്കിയതല്ലാതെ പദ്ധതികൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല എന്നാണ് വാർഡ് അംഗം അഞ്ജു പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

