റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം നടപ്പാക്കാനൊരുങ്ങി നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രം
text_fieldsനൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം
നൂല്‍പ്പുഴ: കുടുംബാരോഗ്യകേന്ദ്രത്തില്‍ ഫിസിയോതെറപ്പി ചികിത്സക്ക് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം നടപ്പാക്കുന്നു. രാജ്യത്ത് ആദ്യമായാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറെത്തുന്നത്. വയനാട് പാക്കേജിലുള്‍പ്പെടുത്തി 2.8 കോടിയുടെ ഭരണാനുമതിയാണ് പദ്ധതി നടത്തിപ്പിനായി വകയിരുത്തിയത്. സെറിബ്രല്‍ പാള്‍സി, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, പക്ഷാഘാതത്താല്‍ തളര്‍ന്നവര്‍ക്ക് വ്യായാമത്തിന് നൂതന സാങ്കേതിക വിദ്യയുടെ സഹായം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ.
ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍, കര്‍ണാടക, തമിഴ്നാട് അതിര്‍ത്തി ജില്ലകളില്‍നിന്ന് ഫിസിയോതെറപ്പി യൂനിറ്റില്‍ ദിവസേന നൂറിലധികം ആളുകളാണ് ചികിത്സക്കെത്തുന്നത്. ആരോഗ്യകേന്ദ്രത്തില്‍ ആറ് ഫിസിയോതെറപ്പിസ്റ്റ്, ഒരു സ്പീച്ച് തെറപ്പിസ്റ്റ്, മൂന്ന് അസിസ്റ്റന്റ് തെറപ്പിസ്റ്റുകൾ എന്നിങ്ങനെയാണുള്ളത്. ആരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് സംവിധാനം വരുന്നതോടെ മികച്ച സേവനങ്ങള്‍ ലഭ്യമാകും. സ്വകാര്യ ആശുപത്രികള്‍ മണിക്കൂറിന് 3000 രൂപ വരെയാണ് തെറപ്പിക്ക് ഈടാക്കുന്നത്. ഗോത്രമേഖലയില്നിന്നെത്തുന്ന ഗര്‍ഭിണികള്‍ക്ക് പ്രസവത്തിനു മുന്നോടിയായി താമസമൊരുക്കുന്ന പ്രതീക്ഷാലയം, ജിംനേഷ്യം എന്നിവയും ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
റോബോട്ടിക് സംവിധാനം രാജ്യാന്തര പുരസ്കാരം കരസ്ഥമാക്കിയ കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നേറ്റമാകും. ആറുമാസത്തിനകം ഉപകരണം നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് നിലവില്‍ റോബോട്ടിക് സൗകര്യമുള്ളത്. സംസ്ഥാനത്ത് ആദ്യമായി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇ-ഹെല്‍ത്ത് സംവിധാനം നടപ്പാക്കിയത് നൂല്‍പ്പുഴയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

