Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചുരമില്ല, മുടിപ്പിൻ വളവുകളുമില്ല; വരട്ടെ, വിലങ്ങാട് ബദൽപാത

text_fields
bookmark_border
ചുരമില്ല, മുടിപ്പിൻ വളവുകളുമില്ല; വരട്ടെ, വിലങ്ങാട്   ബദൽപാത
cancel
camera_alt

വിലങ്ങാട് പാതയുടെ വയനാട്ടിലെ നിരവിൽപുഴ കുഞ്ഞോം കുങ്കിച്ചിറയോട് ചേർന്നുള്ള വാനപ്രദേശത്തെ കാഴ്ച 

വെള്ളമുണ്ട: താമരശ്ശേരി, കുറ്റ്യാടി, നാടുകാണി ചുരങ്ങളിലെ യാത്രാതടസ്സങ്ങൾക്ക് പരിഹാരമായി വയനാട്ടിലേക്കുള്ള വിലങ്ങാട് ബദൽപാത പൂർത്തീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വയനാട്, കണ്ണൂർ ജില്ലകളുടെ അതിർത്തിയായ കോഴിക്കോട് നഗരത്തിലെ വിലങ്ങാട് മുതൽ തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ കുഞ്ഞോം ഗ്രാമത്തിലെ കുങ്കിച്ചിറയിൽ അവസാനിക്കുന്നതരത്തിലുള്ളതാണ് ഈ ബദൽപാത. വിലങ്ങാടിലൂടെ കോഴിക്കോട്ടെ വടകരയെയും കുങ്കിചിറ വഴി വയനാട്ടിലെ മാനന്തവാടിയെയും ബന്ധിപ്പിക്കുന്ന പാതയാണിത്. പഴശ്ശിരാജാവ് നിർമിച്ചതാണ് വിലങ്ങാട് പാത.

എന്നാൽ, പാത നവീകരിക്കണമെന്ന 1975 മുതലുള്ള മുറവിളിക്ക് ഭരണകൂടം ഇതുവരെ ചെവികൊടുത്തിട്ടില്ല. വനംവകുപ്പിന്റെ ഫയലുകളിൽ ഉറങ്ങിക്കിടക്കുകയാണ് ഈ പാത സംബന്ധിച്ച പദ്ധതി. കോഴിക്കോട് ജില്ലയിലെ വിലങ്ങാട് നിന്ന് ആരംഭിച്ച് വയനാട് കുഞ്ഞോം വഴി മാനന്തവാടിയിലെത്തുന്ന ചുരമില്ലാത്ത ബദൽ പാതയാണിത്. കോഴിക്കോട് ജില്ലയിലെ പാനോം വരെയും വയനാട് ജില്ലയിലെ കുങ്കിച്ചിറവരെയും ഗതാഗത യോഗ്യമായ റോഡ് നിലവിലുണ്ട്. പാനോത്ത് നിന്ന് വയനാട് ഭാഗത്തോട് ചേർന്ന മോതിരകല്ല് വരെ ബ്രിട്ടീഷുകാർ ഉണ്ടാക്കിയ മൺ റോഡുമുണ്ട്. ഒന്നര കിലോമീറ്റർ ദൂരം മാത്രമാണ് റോഡ് വെട്ടാനുള്ളത്. കുങ്കിച്ചിറ മുതൽ പാനോം വരെ ഏഴ് കിലോമീറ്റർ ദൂരമാണുള്ളത്. ചുരം ഗർത്തമോ മുടിപ്പിൻ വളവുകളോ ഇല്ല.

വിലങ്ങാട് പാത പദ്ധതിക്കായി കേവലം ഏഴ് കിലോമീറ്റർ ദൂരത്തിന് മാത്രമാണ് ഇനി അനുമതി ലഭിക്കാനുള്ളത്. കുങ്കിച്ചിറ മുതൽ പാനോം വരെയുള്ള ഏഴ് കിലോമീറ്റർ ദൂരമാണിത്. ചുരം ഗർത്തമോ മുടിപ്പിൻ വളവുകളോ ഇല്ലാതെ, വളരെ കുറഞ്ഞ ചെലവിൽ നിർമിക്കാൻ കഴിയുമെന്നതാണ് ഈ പാതയുടെ ഏറ്റവും വലിയ സവിശേഷത. 1975 മുതൽ കോഴിക്കോട് ജില്ലയിലെ വാണിമേൽ പഞ്ചായത്തും വയനാട്ടിലെ തൊണ്ടർനാട് പഞ്ചായത്തും ഈ നാടുകളിലെ വിവിധ കൂട്ടായ്മകളും ഈ ആവശ്യത്തിനായി നിരന്തരം പോരാടുകയാണ്. വാണിമേൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇതുസംബന്ധിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുമുണ്ട്.

നാട്ടുകാർ കാലങ്ങളായി നടന്നുപോയിരുന്ന വഴി കൂപ്പ് റോഡ് വനത്തിലൂടെ കടന്നുപോകുന്ന പാതയാണിത്. ആകെ 6948 മീറ്ററിൽ 4881 മീറ്ററും ഒരുകാലത്ത് ആറ് മീറ്റർ വീതിയിൽ തന്നെയുണ്ടായിരുന്നു. പുതുതായി വനം നശിപ്പിക്കേണ്ട സാഹചര്യം ഇവിടെയില്ല. ഇടവഴികൾ മാത്രം വെട്ടിയൊരുക്കിയാൽ മതിയാവും. നാട്ടുകാർ കാലങ്ങളായി നടന്നുപോയിരുന്ന ഈ വഴി നിരപ്പാക്കിയാൽ തന്നെ നാലുചക്ര വാഹനങ്ങൾക്ക് സുഖമായി കടന്നുപോകാം. വളരെ ലളിതമായി തീർക്കാവുന്ന ഈ പാതയ്ക്കാണ് അധികൃതർ അനുമതി നിഷേധിക്കുന്നത്.

2008ലെ കേന്ദ്ര വനഭൂമി നിയമപ്രകാരം നഷ്ടപ്പെടുന്ന വനഭൂമിക്കും മരങ്ങൾക്കും പകരം സംവിധാനം ഒരുക്കിയാൽ മതി. കേന്ദ്രസർക്കാറിന്റെ ഇളവുമുണ്ട്. മാവോവാദി ഭീഷണിയുള്ള വനമേഖലകളിൽ സുരക്ഷിത പാതകൾ നിർമിക്കാൻ കേന്ദ്ര സർക്കാർ നൽകിയ ഇളവുകളും വിലങ്ങാട് ബദൽ പാത പദ്ധതിക്ക് അനുകൂലമാക്കാം. നിലവിൽ വലിയ കണ്ടെയ്നർ ലോറികൾക്ക് താമരശ്ശേരിയോ കുറ്റ്യാടിയോ ചുരങ്ങൾ വഴി വയനാട്ടിലേക്ക് പ്രവേശിക്കുക ഏറെ ശ്രമകരമാണ്. എന്നാൽ, ചുരങ്ങളോ മുടപ്പിൻ വളവുകളോ ഇല്ലാത്ത വിലങ്ങാട് പാത യാഥാർഥ്യമായാൽ വിഴിഞ്ഞത്തുനിന്നും കൊച്ചിയിൽ നിന്നുമുള്ള വലിയ കണ്ടെയ്നറുകൾക്ക് സുഗമമായി വയനാട്ടിലേക്കും കർണാടകയിലേക്കും കടന്നുപോകാം. ഇത് വടക്കൻ കേരളത്തിന്റെ വ്യവസായ, വാണിജ്യ, കാർഷിക, വിദ്യാഭ്യാസ മേഖലകളിൽ വലിയൊരു വിപ്ലവത്തിന് വഴിതുറക്കും

ഇ​ട​പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ൾ, സ​ജീ​വ​മാ​ക​ണം പ​രി​ശ്ര​മം

വടകര എം.പി. ഷാഫി പറമ്പിലും, നാദാപുരം, മാനന്തവാടി എം.എ.എമാരും വിലങ്ങാട് ബദൽപാത വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. പാത യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിലെത്തിയ ‘വടകര - വിലങ്ങാട്-കുഞ്ഞോം-മാനന്തവാടി-ബംഗളൂരു ചുരമില്ലാപാത ജനകീയ കൂട്ടായ്മ പ്രവർത്തകർക്ക് മുമ്പ് ജില്ലയിൽ സ്വീകരണം നൽകിയിരുന്നു. തുടർന്ന് ആരംഭിച്ച സമരസമിതിയുടെ പ്രവർത്തനവും സജീവമാണ്.

പാത കടന്നുപോകുന്ന തദ്ദേശ സ്ഥാപന പ്രതിനിധികളുമായും പൊതുപ്രവർത്തകരുമായും നാദാപുരത്തുനിന്നെത്തിയ ജനകീയ കൂട്ടായ്മ അംഗങ്ങൾ വിപുലമായ ആശയവിനിമയം നടത്തിയിട്ടുണ്ട്. കുഞ്ഞോം നൂറുൽ ഇസ്‍ലാം മദ്റസ ഹാളിൽ നടന്ന യോഗത്തിൽ നിരവധിപേർ പങ്കെടുത്തിരുന്നു. പ്രദേശവാസികൾ ചുരമില്ലാ പാതയ്ക്കായി മുൻകാലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തുകയും ഇതിന്റെ ഭാഗമായി വിശദമായ ജനകീയ റിപ്പോർട്ട് തയാറാക്കാൻ തീരുമാനിക്കുകയും ചെയ്തു.

  • പഴശ്ശിരാജാവ് നിർമിച്ചതാണ് വടകരയെയും മാനന്തവാടിയെയും ബന്ധിപ്പിക്കുന്ന വിലങ്ങാട് പാത
  • ഒന്നര കിലോമീറ്റർ ദൂരം മാത്രമാണ് റോഡ് വെട്ടാനുള്ളത്
  • ഏഴ് കിലോമീറ്റർ ദൂരത്തിന് മാത്രമാണ് ഇനി അനുമതി ലഭിക്കാനുള്ളത്
  • വളരെ കുറഞ്ഞ ചെലവിൽ നിർമിക്കാൻ കഴിയുന്ന റോഡ്
  • മാവോവാദി ഭീഷണിയുള്ള വനമേഖലകളിൽ കേന്ദ്ര സർക്കാർ നൽകിയ ഇളവുകൾ പദ്ധതിക്ക് അനുകൂലമാക്കാം
  • ചുരങ്ങളോ മുടപ്പിൻ വളവുകളോ ഇല്ലാത്തതിനാൽ ഭാരവാഹനങ്ങൾക്ക് സുഗമമായ ഗതാഗതം സാധ്യമാകും
  • വിഴിഞ്ഞത്തുനിന്നും കൊച്ചിയിൽനിന്നുമുള്ള വലിയ കണ്ടെയ്നറുകൾക്ക് സുഗമമായി വയനാട്ടിലേക്കും കർണാടകയിലേക്കും കടന്നുപോകാം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - No Pass, No Winding Road: Vilangad’s Alternative Route
Next Story